സ്മാര്‍ട് സിറ്റി: ടീകോം തീരുമാനം ചൊവ്വാഴ്ച
തിരുവനന്തപുരം: കൊച്ചിയിലെ നിര്‍ദ്ദിഷ്ട് സ്മാര്‍ട് സിറ്റി പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം ചൊവാഴ്ച വൈകീട്ട് ടീകോം അധികൃതര്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
അന്തിമ കരാറിനു രൂപം നല്‍കിയതായാണ് സൂചന. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ സര്‍ക്കാര്‍ ഉന്നയിച്ച മിക്ക വ്യവസ്ഥകളും ടീകോം അംഗീകരിച്ചതായും സൂചനയുണ്ട്.
ചെയര്‍മാനുള്‍പ്പെടെ രണ്ടു സര്‍ക്കാര്‍ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയും ടീകോം സമ്മതിച്ചതാണ് തലസ്ഥാനത്തു ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന ചര്‍ച്ചയിലെ പ്രധാന തീരുമാനം. ഇതിനു പുറമേ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം, ഭൂമിയുടെ പാട്ടക്കാലാവധി, പാട്ടകാലാവധിക്കു ശേഷമുളള ഭൂമിയുടെ നിയമപരമായ അവകാശം എന്നീ വിഷയങ്ങളിലാണ് ഇനി തീരുമാനമുണ്ടാക്കാനുളളത്.
സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 16 ശതമാനത്തില്‍ തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് 26 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് ഇപ്പോള്‍ ധാരണയായത്. അഞ്ചു വര്‍ഷത്തിനു ശേഷം 10 ശതമാനം ഓഹരി സര്‍ക്കാരിനു നല്‍കുമ്പോള്‍ വിലയായി കമ്പനിയുടെ അപ്പോഴത്തെ വളര്‍ച്ചയ്ക്ക് ആനുപാതികമായ തുക നല്‍കണമെന്നാണ് ടീകോമിന്റെ നിലപാട്. എന്നാല്‍ ഇപ്പോഴത്തെ വില മാത്രമേ നല്‍കാനാവുവെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പാട്ടക്കാലാവധി തീരുമ്പോള്‍ പാട്ടക്കരാര്‍ പുതുക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ പാട്ടക്കാലാവധി തീരുന്ന മുറയ്ക്ക് സര്‍ക്കാര്‍ കൂടി പങ്കാളിയായ കമ്പനിക്കു തന്നെ ഭൂമി നല്‍കണമെന്നാണ് ടീകോം പ്രതിനിധികളുടെ ആവശ്യം.
ഈ രണ്ടു കാര്യങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് ടീകോം ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമായതിനാലാണ് ചൊവ്വാഴ്ച വൈകീട്ട് വിവരം അറിയിക്കാമെന്ന നിലപാട് ടീകോം പ്രതിനിധികള്‍ സ്വീകരിച്ചത്. ഈ രണ്ടു കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായാക്കുമെന്നും സൂചനയുണ്ട്.
ചര്‍ച്ചകളിലുണ്ടായ ധാരണകളനുസരിച്ച് കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ചെയര്‍മാനു പുറമേ ഒരു ഡയറക്ടര്‍ കൂടി സര്‍ക്കാരിനുണ്ടാകും. ഭൂമിവിലയായി104 കോടി രൂപ സര്‍ക്കാരിനു ലഭിക്കും. ഡയറക്ടര്‍ ബോര്‍ഡില്‍ ടീകോമിനു തന്നെയായിരിക്കും ഭൂരിപക്ഷം.
ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായ വിഷയങ്ങളും തര്‍ക്കപ്രശ്നങ്ങളിലെ സര്‍ക്കാര്‍ നിലപാടുകളും കമ്പനി ഡയറക്ടര്‍ ബോര്‍ഡിനെ ധരിപ്പിച്ച ശേഷം കരാര്‍ ഒപ്പുവെക്കുന്നതടക്കമുളള കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ടീകോം പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications