ബജറ്റ്: കേരളത്തിനു നിരാശ
ദില്ലി: ധനമന്ത്രി പി.ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ച പൊതു ബജറ്റ് കാര്‍ഷിക- വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നുവെങ്കിലും കേരളത്തിനു പൊതുവെ നിരാശ പകരുന്നു. ചില മേഖലകളുടെ വികസനത്തിനായി കേന്ദ്രതലത്തില്‍ ആവിഷ്ക്കരിച്ച ഏതാനും പദ്ധതികളുടെ പ്രയോജനം മാത്രമേ കേരളത്തിന് ലഭിക്കൂ.
ബീഡിയുടെ നികുതി കൂട്ടിയത് കേരളത്തിലെ ബീഡി വ്യവസായത്തിനു തിരിച്ചടിയാകും. പൊതു മേഖലാ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ കാര്യമായ വര്‍ധവില്ലയെന്നതും കേരളത്തെ പ്രതികൂലമായി ബാധിക്കും. ഫാക്ടിന് 15 കോടിയും കൊച്ചി തുറമുഖത്തിനു 123 കോടിയും മാത്രമാണ് ബജറ്റില്‍ നീക്കി വച്ചത്.
ചണത്തിന്റെ പുനരുദ്ധാരണത്തിനായുള്ള ഒരു പദ്ധതി നേരത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി കൂടുതല്‍ വിളകള്‍ക്കായി വ്യാപിപ്പിക്കാന്‍ ധനമന്ത്രി ബജറ്റിലൂടെ പദ്ധതിയിടുന്നുണ്ട്. നാളീകേരം, റബര്‍, കാപ്പി, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ഇതിന്റെ ഗുണം കേരളത്തിന് കിട്ടും. എന്നാല്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചത് പ്രതിസന്ധിയിലുഴലുന്ന നാളികേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കും.
കയര്‍ മേഖലയെ സഹായിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. കയര്‍ വ്യവസായത്തിന്റെ ആധുനിക വത്ക്കരണത്തിന് ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്കായി ആകെ 22 കോടി രുപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്.
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായുള്ള പ്രത്യേക പദ്ധതി നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിലെ സഹായം കേരളത്തിന് കിട്ടും.
കൈത്തറി മേഖലയ്ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ ധനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. കൈത്തറി തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഗുണവും കേരളത്തിലെ കൈത്തറി തൊഴിലാളികള്‍ക്ക് ലഭിക്കും.
ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകളുടെ വികസനത്തിന് ഒരു പദ്ധതി ബജറ്റിലുണ്ട്. ഇതിന്റെ പ്രയോജനവും കേരളത്തിന്റെ ചില ജില്ലകള്‍ക്ക് കൂടി ലഭ്യമാവും. ഐടിഐകള്‍ വികസിപ്പിക്കാനായി നവീകരണ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 330 ഐടിഐകള്‍ക്ക് സഹായം നല്‍കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഈ സഹായം കേരളത്തിലെ ചില ഐടിഐകള്‍ക്കും ലഭിച്ചേക്കും. ഏതാണ്ട് രണ്ടര കോടി രൂപ വീതമായിരിക്കും ഓരോ ഐടിഐയ്ക്കും ലഭിക്കുക.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി നല്‍കുന്ന സഹായങ്ങള്‍ക്ക് കാര്യമായ ഒരു വര്‍ദ്ധനവ് ബജറ്റിലില്ല. ഫാക്ടിനായി 15 കോടി രൂപയാണ് ഇത്തവണ നീക്കി വച്ചിരിക്കുന്നത്. കൊച്ചി തുറമുഖത്തിന് 125 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ബജറ്റിലെ മറ്റ് ചില പ്രഖ്യാപനങ്ങള്‍ കേരളത്തെ ദോഷമായി ബാധിക്കാനും ഇടയുണ്ട്.












Click it and Unblock the Notifications