സ്മാര്‍ട് സിറ്റി: അന്തിമ തീരുമാനം ചൊവ്വാഴ്ചയും ഉണ്ടായില്ല
തിരുവനന്തപുരം: നിര്‍ദ്ദിഷ്ട സ്മാര്ട്സിറ്റ് പദ്ധതി സംബന്ധിച്ച് കരാര്‍ ഒപ്പുവെയ്ക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങളില്‍ ചൊവ്വാഴ്ചയും അന്തിമ തീരുമാനമായില്ല.
പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദുബായില്‍ ചേര്‍ന്ന ടീകോം ഡയറക്ടര്‍ ബോര്‍ഡ് യോഗം അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് തീരുമാനം അറിയിക്കാമെന്ന് ടീംകോം പ്രതിനിധികള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം വ്യാഴാഴ്ചയിലേയ്ക്ക് നീട്ടിയതായാണ് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരം ലഭിച്ചത്.
പദ്ധതിയില്‍ സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 16 ശതമാനത്തില്‍ തുടങ്ങി അഞ്ചുവര്‍ഷം കൊണ്ട് 26 ശതമാനമാക്കി ഉയര്‍ത്താമെന്ന് ടീകോം ചര്‍ച്ചകളില്‍ സമ്മതിച്ചുവെങ്കിലും അഞ്ചുവര്‍ഷം കഴിഞ്ഞ് 10 ശതമാനം ഓഹരി നല്കുമ്പോള് നല്‍കേണ്ട വിലയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചിരുന്നില്ല.
10 ശതമാനം ഓഹരി നല്കുമ്പോള് ഇപ്പോഴത്തെ വില മാത്രമേ നല്‍കുകയുള്ളുവെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം 10 ശതമാനം ഓഹരി നല്കുമ്പോള് അന്നത്തെ വിപണിവില നല്‍കണമെന്നാണ് ടീകോം ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ സര്‍ക്കാര്‍ പാട്ടത്തിന് നല്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി തീരുന്ന മുറയ്ക്ക് കമ്പനിയ്ക്കുതന്നെ നല്‍കണമെന്നും ടീകോം ആവശ്യപ്പെട്ടുണ്ട്. എന്നാല്‍ പാട്ടക്കാലാവധി തീരുന്നമുറയ്ക്ക് വീണ്ടും കരാര്‍ പുതുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ കാര്യങ്ങളിലാണ് ഇനിയും തീരുമാനമാകാനുള്ളത്.