മദ്യക്കമ്പനിയുടെ പരസ്യം: ആരോപണങ്ങള്‍ക്കെതിരെ ലാല്‍
തിരുവനന്തപുരം: മദ്യക്കമ്പനിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിയ്ക്കെതിരെയുള്ള ആരോപണങ്ങളെ മോഹന്‍ലാല്‍ ഖണ്ഡിയ്ക്കുന്നു.
ഇത്തരം പരസ്യത്തില്‍ അഭിനയിയ്ക്കുന്ന ആദ്യ താരമല്ല താനെന്നാണ് ലാലിന്റെ വാദം. മദ്യക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിയ്ക്കെതിരെ രംഗത്തുവന്നവരൊന്നും താന്‍ എഡ്സ്സിനെതിരെയും ദക്ഷിണറയില്‍വേ, മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ പ്രചാരണങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറായിട്ടില്ല- ലാല്‍ ആരോപിച്ചു.
മലയാളിയായ ബിസിനസുകാരന്റെ കര്‍ണാടകയിലുള്ള മദ്യക്കമ്പനിയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഇതിനെതിരെ രംഗത്തെത്തിയത്.
മോഹന്‍ലാലിനെപ്പോലെ ജനപ്രിയനായ ഒരു താരം ഇത്തരം ഒരു പരസ്യത്തില്‍ അഭിനയിക്കുന്നത് പുതിയ തലമുറയെ വഴിതെറ്റിയ്ക്കുമെന്നും താരത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും കാണിച്ച് സംഘടന ലാലിന്റെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിരുന്നു.
മോഹന്‍ലാല്‍ മദ്യപിച്ച് ബോധം കെട്ട് വീട്ടിലെത്തുന്ന അവസ്ഥ അംഗീകരിയ്ക്കാന്‍ കഴിയുമോയെന്നായിരുന്നു കുടുംബാംഗങ്ങളോടുള്ള കത്തിലെ പ്രധാന ചോദ്യം.
എന്നാല്‍ താന്‍ എത്രയോ ചിത്രങ്ങളില്‍ മദ്യപാനിയായും മദ്യപിയ്ക്കുന്ന രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്നും അത്തരം രംഗങ്ങള്‍ ഇവിടുത്തെ യുവാക്കളെ വഴിതെറ്റിച്ചിട്ടുണ്ടോ എന്നുമാണ് ലാല്‍ തിരിച്ചുചോദിയ്ക്കുന്നത്.
കേരളത്തിന്റെ ഖജനാവിലേയ്ക്ക് എറ്റവും കൂടുതല്‍ നിക്ഷേപം നല്‍കുന്നത് മദ്യവ്യവസായമാണെന്ന കാര്യം മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ മദ്യം നിരോധിയ്ക്കേണ്ടിവരും- അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications