സ്വകാര്യ ആശുപ്രതികള്‍ രോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം- ശ്രീമതി
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മാരകരോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കണക്കുകള്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി.
മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിളിച്ചുചേര്‍ത്ത സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുളള കണക്കുകള്‍ മാത്രമാണ് സര്‍ക്കാറിനു ലഭിക്കുന്നത്. രോഗവിവരങ്ങള്‍ നല്‍കുകയെന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ മാത്രം ചുമതലയല്ല.
ഇന്ന് സംസ്ഥാനത്തെ 60 ശതമാനത്തോളം പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ രോഗ വിവരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പലപ്പോഴും അപൂര്‍ണമാണെന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാനായി നൂറിലധികം കിടക്കകളുളള എല്ലാ സ്വകാര്യ ആശുപത്രികളും മാസാവസാനങ്ങളില്‍ രോഗവിവരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിലെ മിക്ക വന്‍കിട ആശുപ്രതികളും മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏറെക്കുറെ തൃപ്തികരമായ നടപടികള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അവയുടെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ശ്രീമതി പറഞ്ഞു.
ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ഓരോ ആശുപത്രിയും സംവിധാനം ഏര്‍പ്പെടുത്തുന്നത് ചെലവേറിയ കാര്യമായതിനാല്‍ പൊതു സംവിധാനം രൂപപ്പെടുത്തുകയാണ് അഭികാമ്യമെന്നും ശ്രീമതി അഭിപ്രായപ്പെട്ടു.
മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും ചേര്‍ത്ത് ഏകീകരിച്ച അനുമതി മാലിന്യ നിര്‍മാര്‍ജന ബോര്‍ഡില്‍ നിന്നു ലഭിക്കും. ഇതിനായി പ്രത്യേക അപേക്ഷകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.
ട്രോമ കെയര്‍, വയോജന പരിചരണം, ഡയഗ്നോസ്റിക് സംവിധാനം, കാന്‍സര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications