ഉദരത്തില്‍ നിന്നും 236 വസ്തുക്കള്‍ പുറത്തെടുത്തു
ചെന്നൈ: കത്രിക, താക്കോല്‍, ഇരുമ്പാണികള്‍, സ്ക്രൂ ഡ്രൈവര്‍, മാര്‍ബിള്‍, രുദ്രാക്ഷം, വൈരകല്ല്, വളപ്പൊട്ടുകള്‍, നാണയങ്ങള്‍, കളിക്കോപ്പുകള്‍ തുടങ്ങി നൂറുകണക്കിന് വസ്തുകള്‍ സൂക്ഷിക്കാന്‍ ജമ്മു ഖാനു മറ്റൊരിടം തിരയേണ്ടി വന്നിരിക്കില്ല. കാരണം സ്വന്തം ഉദരത്തില്‍ തന്നെ ജമ്മു അവയെല്ലാം സുരക്ഷിതമായി നിക്ഷേപിച്ചു.
മുപ്പത്തിരണ്ടുകാരനായ ജമ്മുവിനു ഉദര ശസ്ത്രക്രിയ നടത്തിയ സര്‍ക്കാര്‍ ജനറല്‍ ആശുപ്രതിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്നു വിമുക്തി നേടി കാണില്ല. കാരണം ഒന്നര കിലോ വരുന്ന 236 വസ്തുക്കളാണ് ജമ്മുവിന്റെ ഉദരത്തില്‍ നിന്നു ഇവര്‍ പുറത്തെടുത്തത്.
വയറുവേദനയെ തുടര്‍ന്നാണ് മധുരയിലേ പിളളയാഗുഡി സ്വദേശിയായ ജമ്മുവിനെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എക്സ്റേ, സ്കാന്‍, ഗാസ്ട്രോസ്കോപ്പി തുടങ്ങിയ പരിശോധനകള്‍ക്ക് ജമ്മുവിനെ വിധേയനാക്കിയപ്പോഴാണ് ഉദരത്തില്‍ നിറഞ്ഞു കിടക്കുന്ന നിരവധി ഇരുമ്പ് വസ്തുക്കളും മറ്റും ദൃശ്യമായത്.
ഫെബ്രവരി എട്ടിനു രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ ഇതെല്ലാം പുറത്തെടുത്തത്. ശസ്ത്രക്രിയ്ക്കു ശേഷം ഡോക്ടര്‍മാര്‍ ജമ്മുവിനെ വീണ്ടും എക്സ്റേയ്ക്ക് വിധേയനാക്കി എല്ലാ വസ്തുകളും പുറത്തെടുത്തുവെന്ന് ഉറപ്പു വരുത്തി.
മാനസികാസ്വാസ്ഥ്യത്തിനു ചികില്‍സയിലായിരുന്ന ജമ്മു കഴിഞ്ഞ് മൂന്നു മാസങ്ങളായി ചികില്‍സ നിര്‍ത്തിയിട്ട്. ഈ കാലത്താണ് ഇത്രയും വസ്തുക്കള്‍ ഇയാള്‍ അകത്താക്കിയതെന്ന് ജമ്മുവിന് ശസ്ത്രക്രിയ നടത്തിയ ഡോ. ശ്രീകുമാരി ദാമോദരന്‍ പറഞ്ഞു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ജമ്മു സുഖം പ്രാപിച്ചു വരികയാണെന്നും ശ്രീകുമാരി പറഞ്ഞു. പൂര്‍ണ ആരോഗ്യവാനായ ശേഷം ജമ്മുവിന്റെ പ്രശ്നത്തില്‍ മനോരോഗവിദഗ്ധന്റെ സഹായം തേടാനിരിക്കുകയാണ് ഡോക്ടര്‍മാര്‍.












Click it and Unblock the Notifications