പൊങ്കാലയുടെ പേരില്‍ നിയമലംഘനം
തിരുവനന്തപുരം: പൊങ്കാല ഉത്സവത്തില്‍ പങ്കെടുത്ത സ്ത്രീകളുമായി തിരിച്ചുപോവുന്നതിന് നൂറുകണക്കിന് വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത് ശനിയാഴ്ച വൈകുന്നേരം നഗരത്തില്‍ കടുത്ത ഗതാഗത കുരുക്ക് സൃഷ്ടിച്ചു.
പ്രദേശത്തെ യുവാക്കളുടെ സംഘങ്ങള്‍ റോഡിന്റെ മധ്യത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പൊങ്കാലക്കെത്തിയ ഭക്തര്‍ക്ക് വെള്ളവും മറ്റും നല്‍കുന്നത് കാണാമായിരുന്നു. പൊങ്കാല ഉത്സവ പ്രദേശത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ നടപടികള്‍ തടയാന്‍ പൊലീസ് കാര്യമായൊന്നും ചെയ്തുമില്ല.
ചാക്ക-ഇഞ്ചക്കല്‍, കരമന-ആറ്റുകാല്‍ ഭാഗങ്ങളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ പ്രധാനമായും നടന്നത്. വാഹനങ്ങള്‍ തോന്നിയതുപോലെ പാര്‍ക്ക് ചെയ്തതും ഈ ഭാഗങ്ങളില്‍ വൈകുന്നേരം 2.45 മുതല്‍ 5.30 വരെ ഗതാഗത കുരുക്കിന് കാരണമായി.
ഉത്സവത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തലും പലയിടത്തും നടന്നു. ഒരു സംഘം പേര്‍ ഒരു സ്വകാര്യ സ്ഥാപനത്തെ സമീപിച്ച് രണ്ടായിരം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. പൊങ്കാലയിടുന്നതിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കാനായി വ്യവസായ സ്ഥാപനം തുറന്നുകൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ യുവാക്കള്‍ മറ്റു ചില സ്വകാര്യ സ്ഥാപനങ്ങളെ സമീപിച്ചും സമാനമായ ആവശ്യം ഉന്നയിച്ചു. യുവാക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ക്ക് വന്‍തുക സംഭാവനയായി നല്‍കേണ്ടി വന്നു. പൊങ്കാലയിടുന്ന ഭക്തര്‍ക്കായി സന്നദ്ധ പ്രവര്‍ത്തനം നടത്താനെന്ന പേരിലായിരുന്നു ഈ സംഭാവന പിരിക്കല്‍.
പാമ്പുകടിച്ചതിനെ തുടര്‍ന്ന് പൊങ്കാലയിടാനെത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പല സ്ത്രീകളുടെയും മാലകളും പഴ്സുകളും നഷ്ടപ്പെട്ടു. മാലയും പഴ്സും പിടിച്ചുപറിച്ചതായുള്ള പരാതികളുമുണ്ടായി.












Click it and Unblock the Notifications