ഖരമാലിന്യ സംസ്കരണത്തിന് 88 കോടിയുടെ കേന്ദ്ര സഹായം
ദില്ലി: കൊച്ചിയില്‍ ഖരമാലിന്യ സംസ്കരണപദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 88.12 കോടി രൂപ അനുവദിച്ചു.
കോര്‍പ്പറേഷന്‍ മേയര്‍ മേഴ്സി വില്യംസ്, സെക്രട്ടറി പി.വി.ജ്യോതി, നഗരാസൂത്രകന്‍ അജയ്ഘോഷ് എന്നിവര്‍ കോര്‍പ്പറേഷനിലെ ഖരമാലിന്യ സംസ്കരണത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് ആന്റ് സാങ്ഷനിംഗ് കമ്മിറ്റിയാണ് അനുമതി നല്‍കിയത്.
ദില്ലിയില്‍ നഗര വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുളള ചര്‍ച്ചക്ക് ശേഷമാണ് കൊച്ചി മേയര്‍ മേഴ്സി വില്യംസ് ഇക്കാര്യമറിയിച്ചത്. സംസ്ഥാന സര്‍ക്കാരുമായി മന്ത്രാലയം ധാരണാ പത്രത്തില്‍ ഒപ്പിടുന്നതോടെ ഫണ്ട് ലഭിക്കും.
കൊച്ചി കോര്‍പ്പറേഷന്‍, തൃപ്പൂണിത്തുറ-കളമശ്ശേരി മുന്‍സിപ്പാലിറ്റികള്‍, പരിസര പ്രദേശങ്ങളിലെ 13 പഞ്ചായത്തുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതിക്ക് കീഴിലുളള പദ്ധതിയില്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ മാലിന്യം വീടുകളില്‍ നിന്ന് തരംതിരിക്കാനാണ് തീരുമാനം.
ബ്രഹ്മപുരത്തുളള പ്രധാന മാലിന്യ പ്ലാന്റുകളിലും വികേന്ദ്രികൃത പ്ലാന്റുകളിലും ഖരമാലിന്യങ്ങള്‍ സംസ്കരിക്കും.












Click it and Unblock the Notifications