പക്ഷിപനിക്ക് ഉത്തരം തേടി 90 വര്‍ഷം പഴക്കമുളള ശവകുടീരം തുറയ്ക്കുന്നു
പാരിസ്: പക്ഷിപനിയ്ക്കു കാരണമാവുന്ന എച്ച് 5എന്‍1 വൈറസുകളെ പ്രതിരോധിക്കാനുളള ശ്രമത്തിന്റെ ഭാഗമായി 90 വര്‍ഷം പഴക്കമുളള ശവകുടീരം തുറക്കാനുളള തയ്യാറെടുപ്പിലാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍. ഫ്രാന്‍സില്‍ 90 കൊല്ലം മുമ്പ് സ്പാനിഷ് പനി ബാധിച്ച് മരണമടഞ്ഞ സര്‍ മാര്‍ക് സൈക്സിന്റെ ശവകുടീരം തുറക്കാനുളള അനുമതിയാണ് ഇതിനായി കോടതിയില്‍ നിന്ന് ഇവര്‍ നേടിയെടുത്തത്.
ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ എച്ച്5എന്‍1 വൈറസുകളും 1918-19 വര്‍ഷങ്ങളില്‍ സ്പാനിഷ് പനിയ്ക്ക് കാരണമായ വൈറസുകളും തമ്മില്‍ സാമ്യമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. രണ്ടും പക്ഷികളില്‍ നിന്നു മനുഷ്യരിലേക്ക് പടര്‍ന്ന വൈറസുകളായിരുന്നുവെന്നും സ്പാനിഷ് ഫ്ലൂവിനു കാരണമായ വൈറസിനെക്കുറിച്ചുളള എന്തെങ്കിലും വിവരം എച്ച്5എന്‍1 വൈറസുകളെ പറ്റിയുളള പഠനത്തിനു ഉപകരിക്കുമെന്നും വിദഗ്ധ കരുതുന്നു.
1918-19ല്‍ ലോകമൊട്ടാക്കെ 50 ദശലക്ഷം ജനങ്ങളുടെ മരണത്തിനിടയാക്കിയ സ്പാനിഷ് പനി എന്ന മാരക പകര്‍ച്ചവ്യാധി പിടിപ്പെട്ടാണ് സര്‍ മാര്‍ക് മരിച്ചത്. ഭൂവുടമ, രാഷ്ട്രീയപ്രവര്‍ത്തകന്‍, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന മാര്‍ക്ക് 39 വയസ്സിലാണ് സ്പാനിഷ് പനി പിടിച്ച് മരിച്ചത്.
മാരക വൈറസുകളാണ് ഈ പനിക്ക് കാരണക്കാരെന്നാണ് ശാസ്ത്ര നിരീക്ഷണം. മാര്‍ക്കിനെ അടക്കം ചെയ്തത് ഈയം കൊണ്ടുള്ള ശവപ്പെട്ടിയിലായതിനാല്‍ ഈ വൈറസുകള്‍ നശിച്ചിരിക്കില്ലെന്നാണ് റോയല്‍ ലണ്ടന്‍ ഹോസ്പിറ്റിലിലെ വൈറോളജി പ്രൊഫസറായ ജോണ്‍ ഓക്സ്ഫോര്‍ഡിന്റെ അഭിപ്രായം.
കഴിഞ്ഞ ഫിബ്രവരിയില്‍ മാര്‍ക്കിന്റെ കുടുംബം അദ്ദേഹത്തിന്റെ ശവകല്ലറ തുറക്കാനുളള അനുമതി നല്‍കിയതായി ഓക്സ്ഫോര്‍ഡ് പറഞ്ഞു. സീല്‍ ചെയ്ത് ഈയപ്പെട്ടിയില്‍ സംസ്കരിച്ചതിനാല്‍ മാര്‍ക്കിന്റെ ശരീരം ദ്രവിച്ചിരിക്കില്ല.
ഇത്തരം ശവപ്പെട്ടിയില്‍ അടക്കിയ 200 വര്‍ഷത്തിലേറെ പഴക്കമുളള ശരീരങ്ങള്‍ പോലും കേടാകാതെ ഇതിനു മുമ്പും കണ്ടെടുത്തിട്ടുണ്ട്. മാര്‍ക്കിന്റെ കുടുംബാംഗങ്ങളുടെ സമ്മതം ലഭിക്കാന്‍ 15 മാസമെങ്കിലും എടുത്തുവെന്നും നാലഞ്ചു മാസത്തിനുളളില്‍ ശവപ്പെട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യേഷയില്‍ വച്ചാവാം മാര്‍ക്കിനു പനി പിടിക്കപ്പെട്ടതെന്നും പാരിസിലെത്തി അല്പ മാസത്തിനകം അദ്ദേഹം മരിച്ചിരിക്കാമെന്നും ഓക്സ്ഫോര്‍ഡ് പറഞ്ഞു. മാര്‍ക്കിന്റെ ഭാര്യയ്ക്കും രോഗം പിടിപ്പെട്ടുവെങ്കിലും അവര്‍ രക്ഷപ്പെട്ടു.
മാര്‍ക്കിന്റെ അവയവകോശങ്ങള്‍ പരിശോധനാവിധേയമാക്കിയാല്‍ രണ്ടുപ്രധാന ചോദ്യങ്ങള്‍ക്കുളള വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷണ സംഘത്തിന്റെ പ്രതീക്ഷ.
കരളിനെ ബാധിക്കുന്ന വൈറസുകള്‍ തലച്ചോര്‍ ഉള്‍പ്പെടെ മറ്റ് അവയവങ്ങളിലെക്കും പടര്‍ന്നുവോ? എങ്കില്‍ ശ്വാസകോശങ്ങള്‍ക്കു പുറേത്തക്ക് ഇവ എങ്ങനെ പടര്‍ന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഈ ഗവേഷണം സഹായകമാവുമെങ്കില്‍ അതിനുളള പ്രതിവിധി കണ്ടെത്താം.
ഇപ്പോള്‍ പക്ഷിപനിക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ തലച്ചോറിലെക്കും എത്തുന്ന രീതിയില്‍ തയ്യാറാക്കാന്‍ ഈ പരീക്ഷണം സഹായകമാവുമെന്ന് വിശ്വസിക്കുന്നതായും ഓക്സ്ഫോര്‍ഡ് അറിയിച്ചു.












Click it and Unblock the Notifications