കണിച്ചുകുളങ്ങര: മൃഗം സാജു ബിനീഷിനെ കോടതി വരാന്തയില്‍ ആക്രമിച്ചു
ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ പ്രതിയായ മൃഗം സാജു മറ്റൊരു പ്രതിയും ഹിമാലയ എംഡിയുമായ ബിനീഷിനെ കോടതി വരാന്തയില്‍ ആക്രമിച്ചു. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി വരാന്തയിലാണു സംഭവം.
കേസിലെ മൂന്നാം പ്രതിയാണ് മൃഗം സാജു. ബിനീഷ് ഏഴാം പ്രതിയും. ഒന്നാം നിലയിലുളള കോടതി വരാന്തയില്‍ ഭാര്യയുമായി സംസാരിക്കുകയായിരുന്നു ബിനീഷ്. പെട്ടെന്നു വരാന്തയുടെ അങ്ങേ അറ്റത്തുനിന്നു പാഞ്ഞുവന്ന മൃഗം സാജു ബിനീഷിനെ കസേരയെടുത്ത് അടിക്കാനോങ്ങിയതായി ദൃക് സാക്ഷികള്‍ പറഞ്ഞു.
ബിനീഷും ഭാര്യയും ഒഴിഞ്ഞുമാറിയപ്പോള്‍ സാജു ബിനീഷിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. കാവലിനെത്തിയ പോലീസുകാരും കൂട്ടുപ്രതികളും ചേര്‍ന്ന് സാജുവിനെ പിടിച്ചു മാറ്റി. ഈ സമയം കോടതിയില്‍ മറ്റൊരു കേസിന്റെ നടപടി നടക്കുകയായിരുന്നു.
ബഹളം കേട്ടു പുറത്തിറങ്ങിയ അഭിഭാഷകരും ആക്രമണത്തിനു ദൃക്സാക്ഷികളായി. എന്നാല്‍ ഈ സംഭവം ആരും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ആക്രമണത്തിനു മുന്‍പു ബിനീഷും സാജുവും വരാന്തയില്‍ നിന്നു സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും ചിലര്‍ കണ്ടിരുന്നു.
സാമ്പത്തിക ഇടപ്പാടുകളെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നാണ് സൂചന. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നു പോലിസ് കണ്ടെത്തിയ മൃഗം സാജുവിനു സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി അടുത്ത ദിവസം റദ്ദാക്കിയിരുന്നു.
കണിച്ചുകുളങ്ങര കേസ് ബുധനാഴ്ച ജില്ലാ സെഷന്‍സ് കോടതി ഏപ്രില്‍ മൂന്നിലേക്കു മാറ്റി.