വി.എസിന്റെ മകനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ടില്ല: കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അരുണ്‍കമമാറിനെതിരെ ഒരു വിജിലന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടത്തിയ പ്രാഥമികാന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ ലഭിച്ച പരാതിയിലെ 17 ആരോപണങ്ങളും നിലനില്‍ക്കുന്നതല്ലെന്ന റിപ്പോര്‍ട്ടാണ് കിട്ടിയതെന്നും കോടിയേരി ബുധനാഴ്ച നിയമസഭയില്‍ വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കയര്‍ഫെഡ് മുന്‍ എംഡിയായിരുന്ന അരുണ്‍കുമാറിനെതിരേ സ്ഥാപനത്തിലെ ഐഎന്‍ടിയുസി യൂണിയന്‍ നേതാവായ ഷുക്കൂര്‍, രമേഷ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയത്. അദ്ദേഹം അത് മുഖ്യമന്ത്രിയ്ക്ക് കൈമാറി.
രഹസ്യസ്വഭാവമുളള അന്വേഷണമാണ് നടന്നത്. തുടര്‍ന്ന് 2004 ജൂണില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും ഓഡിറ്റിങ് മതിയെന്നുമാണ് തീരുമാനമായത്. ഇതുവച്ച് പുകമറ സൃഷ്ടിക്കാനുളള യുഡിഎഫ് ശ്രമം വിലപ്പോവില്ലെന്നും കോടിയേരി അറിയിച്ചു.
അഴിമതിക്കെതിരെ വി.എസ് നടത്തിവരുന്ന പോരാട്ടം ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. അദ്ദേഹത്തിനെതിരേ ഒന്നും പറയാനില്ല എന്നായപ്പോള്‍ കുടുംബാഗങ്ങള്‍ക്കെതിരെ തിരിയുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഗുണ്ട ഓര്‍ഡിനന്‍സ് ഉപദേശകസമിതിയുടെ അധ്യക്ഷന്‍ സിറ്റിങ് ഹൈക്കോടതി ജഡ്ജിയാവും. ഇതിന് അനുമതി തേടിക്കൊണ്ടു രാഷ്ട്രപതിക്ക് അയച്ച കത്തിനു മറുപടി ലഭിച്ചിട്ടില്ലെന്നും കോടിയേരി അറിയിച്ചു.
തോക്ക് ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കെ.സുധാകരന്റെ ആവശ്യം അടിസ്ഥാനമില്ലാത്തതാണ്. വേണ്ട സമയത്തെല്ലാം പിണറായി ലൈസന്‍സ് പുതുക്കിയിട്ടണ്ടെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications