6 വര്‍ഷത്തിനിടെ 12 ദിവസം മാത്രം സുബോധം
മിയാമി: കഴിഞ്ഞ ആറു വര്‍ഷങ്ങളായി എല്ലാ ദിവസവും രാവിലെ ക്രിസ്റാ ലില്ലി(49)യുടെ അമ്മ മിന്നി സ്മിത്ത് മകള്‍ക്ക് ഒരു ചുംബനം നല്‍കി മുടിയില്‍ തലോടി ചോദിക്കും: ഹേയ് ബേബി, ഇന്ന് എങ്ങനെയുണ്ട്? ഉത്തരം ലഭിക്കില്ലെന്ന് അറിയാമെങ്കിലും ഈ പ്രക്രിയ ദിവസവും തുടര്‍ന്നു.
നിശബ്ദത മാത്രമായിരുന്നു മറുപടി. പതിവു ചോദ്യം മാര്‍ച്ച നാല് ഞായറാഴ്ചയും അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ പെട്ടെന്നുയര്‍ന്ന മറുപടി കേട്ട് സ്മിത്ത് പോലും ഞെട്ടിപോയി. ഒന്നും സംഭവിക്കാത്ത രീതിയില്‍ ലില്ലി പറഞ്ഞു: സുഖം..
ഈ നൂറ്റാണ്ടില്‍ വെറും 12 ദിവസമേ ക്രിസ്റാ ലില്ലിയ്ക്ക് ബോധമുണ്ടായുളളൂ. 2000 നവംബറില്‍ കോമയിലായ ലില്ലി നീണ്ട ആറു വര്‍ഷത്തിനു ശേഷം മാര്‍ച്ച് നാലിനാണ് ബോധം വീണ്ടെടുത്തത്. ഹൃദയാഘാതത്തെയും പക്ഷപാതത്തെയും തുടര്‍ന്ന് 2000 നവംബറിലാണ് ലില്ലി കോമയിലായത്.
ബോധം തെളിഞ്ഞെങ്കിലും 1986 ആണിപ്പോഴെന്നും ജോര്‍ജ്ജ് ബുഷ് സീനിയറിനാണ് ഇപ്പോള്‍ വൈറ്റ് ഹൗസിന്റെ ചുമതലയെന്നുമായിരുന്നു ലില്ലിയുടെ വിശ്വാസം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിദ്രയിലായിരുന്നുവെന്നറിയിച്ചപ്പോള്‍ ഉവ്വോ.. എന്നിട്ടെന്തു കൊണ്ട് എന്നെ ഉണര്‍ത്തിയില്ല എന്നായിരുന്നു ചോദ്യം.
മെഡിക്കല്‍ വിദഗ്ധര്‍ക്ക് വിശദീകരണം നല്‍കാനാവാത്ത എഴുന്നേല്‍പ്പാണിതെന്ന് ഡോക്ടര്‍മാരുടെ അഭിപ്രായം. ബോധം തെളിഞ്ഞശേഷം മൂന്നു ദിവസം വളരെ ഊര്‍ജ്ജസ്വലയും സന്തോഷവതിയുമായിരുന്നു ലില്ലി.
എന്നാല്‍ തമാശ പറഞ്ഞും, ഭക്ഷണം കഴിച്ചും വളരെയേറെ സംസാരിച്ചും നാലു പുത്രിമാരോടും ഇന്നു വരെ കാണാത്ത കൊച്ചുമക്കളൊടും വിശേഷങ്ങള്‍ ചോദിച്ചും കഴിയാനുളള ഭാഗ്യം മൂന്നു ദിവസങ്ങളിലെ നീണ്ടുനിന്നുളളൂ. പിന്നീട് വീണ്ടും പഴയ കോമ അവസ്ഥയിലേക്കു തന്നെ അവര്‍ തിരിച്ചു പോയി.
ലില്ലി പൂര്‍ണമായും കോമയിലായിരുന്നില്ലെന്നും വളരെ കുറഞ്ഞ തോതില്‍ അവര്‍ക്ക ് സ്വബോധമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ദിവസം മുഴുവന്‍ തുറന്ന കണ്ണുകളുമായി മച്ചിലേക്കു നോക്കി കിടക്കുന്ന ലില്ലിയ്ക്ക് പൂര്‍ണ്ണ ബോധമുണ്ടാവില്ല. നടക്കാനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ലില്ലിക്ക് കഴിയില്ല. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ഇവര്‍ മുഴുവനായും കോമയിലല്ല- ഡോക്ടര്‍മാര്‍ പറഞ്ഞു.കോമയിലായ ശേഷം ഇത് അഞ്ചാം തവണയാണ് ലില്ലിയ്ക്ക് ബോധം തെളിയുന്നത്. എന്നാല്‍ അതൊന്നും അധികനേരം നീണ്ടു നിന്നിരുന്നില്ല. ഈ നൂറ്റാണ്ടില്‍ മൊത്തം 12 ദിവസങ്ങള്‍ മാത്രമേ ഇവര്‍ സുബോധത്തോടെയിരുന്നുളളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇത് ഗൂഢവും അത്ഭുതകരവുമായ സംഭവമാണെന്നു ന്യൂറോളജിസ്റ് ഡോ. റാന്‍ഡല്‍ ജോര്‍ക്ക് പറഞ്ഞു. മെഡിക്കല്‍ സയന്‍സില്‍ ഇതിനു വിശദീകരണമില്ല. കഴിഞ്ഞ മൂന്നു ദിവസം ഉണര്‍ന്നിരിക്കാന്‍ കുറേ മാസങ്ങള്‍ മുമ്പേ ലില്ലിയുടെ തലച്ചോറ് തയ്യാറെടുപ്പ് തുടങ്ങിയിരിക്കണം- ഡോ. റാന്‍ഡല്‍ പറഞ്ഞു.
ഇത്തരം കേസുകള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും അത്ഭുതമുണര്‍ത്തിയ കേസ് കാനഡിയന്‍ സ്വദേശിയായ ആനി ഷാപിറോയുടെതാണ്. 1963ല്‍ 50 വയസ്സില്‍ കോമയിലേക്ക് വീണ് അവര്‍ 30 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ബോധം വീണ്ടെടുത്തത്. മനുഷ്യന്‍ ചന്ദ്രനില്‍ പോയെന്നും കോഡ്ലെസ് ടെലിഫോണ്‍ കണ്ടുപിടിച്ചെന്നുമുളള വാര്‍ത്തകള്‍ അംഗീകരിക്കാന്‍ അപ്പോഴേക്കും 79 വയസ്സായ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു.












Click it and Unblock the Notifications