സേലം ഡിവിഷന്‍: അന്തിമതീരുമാനം ചര്‍ച്ചയ്ക്കുശേഷമെന്ന് ലാലു
ദില്ലി: കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷംമാത്രമേ സേലം റയില്‍വേ ഡിവിഷന്‍ രൂപീകരിയ്ക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്ര റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ലോക്സഭയില്‍ ഉറപ്പുനല്‍കി.
സേലം ഡിവിഷന്‍ രൂപീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇരുമുഖ്യമന്ത്രിമാര്‍ക്കും താന്‍ കത്തയച്ചിട്ടുണ്ടെന്ന് ലാലു പ്രസാദ് വ്യക്തമാക്കി. കത്തിന് മറുപടി ലഭിച്ചിട്ടില്ല. ചര്‍ച്ച നടത്തി ധാരണയിലെത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ- അദ്ദേഹം അറിയിച്ചു.
റെയില്‍വേ ബജറ്റ് പാസ്സാക്കുന്നതിന് മുമ്പ് നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ കേരളത്തിന്റെ പ്രധാന ആവശ്യമായ പഞ്ചിമതീര റയില്‍വേസോണിന്റെയോ വണ്ടികളുടെ ദൈര്‍ഘ്യം കൂട്ടുന്നകാര്യത്തെപ്പറ്റിയോ മന്ത്രി പ്രതിപാദിച്ചില്ല.
ബജറ്റ് ചര്‍ച്ചയ്ക്ക് മന്ത്രി മറുപടി പറഞ്ഞതിന് ശേഷം കേരളത്തിന്റെ എം.പിമാര്‍ സേലം ഡിവിഷന്റെ കാര്യം ലാലുവിനെ ഓര്‍മ്മിപ്പിയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സഭയില്‍ വ്യക്തമായ ഉറപ്പ് നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് തമിഴ്നാടിന്റെ എംപിമാര്‍ ബഹളം വെച്ചു.
കേരളത്തിന്റെ റയില്‍വേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എംപിമാര്‍ നല്‍കിയ നിവേദനത്തെപ്പറ്റി പിന്നീട് ചര്‍ച്ചചെയ്യാമെന്ന് മന്ത്രി എംപിമാര്‍ക്ക് ഉറപ്പുനല്‍കി.












Click it and Unblock the Notifications