എസ്എസ്എ ചോദ്യപേപ്പര്‍: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: സര്‍വ്വശിക്ഷാ അഭിയാന്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ വഴിയില്‍ ചിതറിയ സംഭവത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഭ നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് മുന്‍നിര്‍ത്തി പ്രശ്നത്തെ ഗൗരവമായി കാണണമെന്നും സര്‍വശിക്ഷാ അഭിയാന്റെ ഉത്തരവാദിത്വം വഹിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊളളുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരായ അഞ്ചു പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം. എ ബേബി സഭയെ അറിയിച്ചു.
വിശദീകരണം ലഭിച്ചതോടെ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കോടേയ്ക്ക് ലോറിയില്‍ കൊണ്ടു പോകവെ പരപ്പനങ്ങാടിയിലും കരിയിലക്കുളങ്ങരയിലുമാണ് എസ്എസ്എയുടെ മൂന്നാംക്ലാസ് പരീക്ഷാ ചോദ്യപേപ്പറുകള്‍ വഴിയില്‍ ചിതറിയത്.












Click it and Unblock the Notifications