പ്രത്യേക കേന്ദ്രപദ്ധതി: സ്വാമിനാഥന്‍ കമ്മിഷന്‍ ജൂണ്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കും
ആലപ്പുഴ: പ്രത്യേക കേന്ദ്രപദ്ധതിയില്‍ ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തുന്നതുസംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട എം.എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ജൂണ്‍ 30ന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും.
കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതി സംരക്ഷിച്ചു നടപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുകൂടിയുള്ള ശുപാര്‍ശകള്‍ക്കായിരിക്കും പ്രത്യേക കേന്ദ്രപദ്ധതിയ്ക്കായുള്ള അന്തിമ റിപ്പോര്‍ട്ടില്‍ പ്രാധാന്യം നല്‍കുകയെന്ന് ഡോ. എം.എസ് സ്വാമിനാധന്‍ പറഞ്ഞു.
ജില്ലയിലെ ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.
21ലക്ഷം ജനങ്ങള്‍ ഇവിടെ താമസിയ്ക്കുന്നുണ്ട്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്ന് കമ്മിഷന്‍ പരിശോധിയ്ക്കും. ഒപ്പം തന്നെ ഇവിടത്തെ ജലപരിസ്ഥിതി പ്രശ്നങ്ങള്‍, കാര്‍ഷിക പ്രശ്നങ്ങള്‍, കീടനാശിനികളുടെ ഉപയോഗം തുടങ്ങിയവയൊക്കെ സമഗ്രമായി പഠിയ്ക്കും.
15വരെ കര്‍ഷകര്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച കായല്‍ മേഖലകള്‍ സന്ദര്‍ശിയ്ക്കും. 15ന് തണ്ണീര്‍ മുക്കം ബണ്ട് സന്ദര്‍ശിയ്ക്കും. തദ്ദേശ സ്വയംഭരണ അധികൃതര്‍, മാധ്യമപ്രവര്‍ത്തകര്‍, സ്ത്രീകള്‍, പരിസ്ഥിതി-സാങ്കേതിക വിദഗ്ധര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരുമായും ചര്‍ച്ച നടത്തും.
ഇങ്ങനെ സര്‍വ്വതലസ്പര്‍ശിയായ ഒരു സമഗ്ര പദ്ധതിയ്ക്കാണ് രൂപം നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത്. കുട്ടനാട്ടിലെ ആരോഗ്യം, ടൂറിസം, ജലമലിനീകരണം തുടങ്ങിയ കാര്യങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തും- അദ്ദേഹം വിശദീകരിച്ചു.
സംഘത്തലവനും സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഉപദേഷ്ടാവുമായ ഡോക്ടര്‍ എസ്. ബാലരവി, പ്രോഗ്രാം ഡയറക്ടര്‍ ഡോ. സുധ നായര്‍, പ്രോജക്ട് അസോസിയേറ്റ് ദീപ വര്‍മ എന്നിവരാണു സ്വാമിനാഥനെ കൂടാതെ ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. സാങ്കേതിക വിദഗ്ധരായ ഡോക്ടര്‍ ആര്‍. ഹേലി, ഇ.ജെ ജയിംസ്, പി. രത്നം, ഡോ. കെ.വി കൃഷ്ണദാസ്, ബാബു അമ്പാട്ട് എന്നിവരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications