വീട്ടിനകത്തു പുകവലി നിരോധനം, ദമ്പതികള്‍ താമസം മാറ്റുന്നു
സിഡ്നി: അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ വീട്ടില്‍ വച്ച് പുകവലിക്കുന്നത് നിര്‍ത്തിക്കൊളളണമെന്ന് ദമ്പതികളോട് ആസ്ട്രേലിയന്‍ കോടതിയുടെ ഉത്തരവ്. ക്രിസ് മേയും ലിന്‍ഡാ ക്രോസുമാണ് ഈ അപൂര്‍വ്വ വിധിയ്ക്ക് വിധേയരായത്.
ഇവരുടെ വീട്ടിന്റെ വാതിലിനിടയിലൂടെയും മറ്റു വിടവുകളിലൂടെയും സിഗരറ്റിന്റെ പുക പുറത്തെയ്ക്കു വരുന്നുവെന്നും അത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അയല്‍വാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്ത വീടുകളിലെക്ക് പുകയെത്താതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കണമെന്നും അതിനായി പുകവലി നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയാണെങ്കില്‍ അതിനും തയ്യാറാവണമെന്നുമാണ് കോടതി ഇരുവരോടും നിര്‍ദ്ദേശിച്ചത്.
ഈ ഉത്തരവിനെ പുകവലി വിരുദ്ധ പ്രവര്‍ത്തകര്‍ സന്തോഷത്തോടെയാണ് എതിരേറ്റതെങ്കിലും ക്രിസിനും ലിന്‍ഡാക്കും ഇതത്ര ദഹിച്ചിട്ടില്ല. അതിനാല്‍ കോടതി ഉത്തരവ് പാലിക്കാന്‍ ഇരുവരും തയ്യാറായുമല്ല. മറിച്ച് താമസം മാറ്റാനാണ് ഇരുവരുടെയും തീരുമാനം.
ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ആസ്ട്രേലിയന്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും രംഗത്തെത്തിയിട്ടുണ്ട്. അടുത്ത വീട്ടില്‍ മാംസവിഭവങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അതിന്റെ മണം ഉള്‍ക്കൊളളാനാക്കുന്നില്ലെന്നും ഏതെങ്കിലും സസ്യഭുക്ക് പരാതിപെട്ടുമോയെന്നും എങ്കില്‍ എങ്ങനെയിരിക്കുമെന്നാണ് കൗണ്‍സില്‍ വക്താവിന്റെ ചോദ്യം.












Click it and Unblock the Notifications