ബുദ്ധദേവിനെതിരേ ബസുവിന്റെ രൂക്ഷവിമര്‍ശനം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കെതിരെയും സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെയും മുതിര്‍ന്ന നേതാവ് ജ്യോതിബസു രൂക്ഷമായ വിമര്‍ശനം നടത്തി.
നന്ദിഗ്രാം വെടിവെയ്പിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേ ബസു വിമര്‍ശനമുതിര്‍ത്തു വിട്ടത്. പല പ്രധാന വിഷയങ്ങളിലും ഇടതുമുന്നണിയില്‍ കൂടിയാലോചന നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുന്നണിയെ അവഗണിച്ചുകൊണ്ട് തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും ബസു ഓര്‍മ്മിപ്പിച്ചു. അരമണിക്കൂറ് നീണ്ട പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. ഇങ്ങനെ പോയാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട യോഗം ഇടയ്ക്ക് വെച്ച് നിര്‍ത്തി. മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമബംഗാളില്‍ ഭരണം നടത്തുന്ന സി.പി.എമ്മില്‍ ഇതാദ്യമായി പ്രതിസന്ധി രൂക്ഷമാവുകയാണ്.
ബുധനാഴ്ച നടന്ന പൊലീസ് നടപടിയെക്കുറിച്ചും ഇടതുമുന്നണി നേതാക്കള്‍ക്ക് ഒരു വിവരവും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരം കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ഘടകകക്ഷി നേതാക്കള്‍ ശക്തമായി പ്രതികരിച്ചു.
സി.പി.എം ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് തുടരാനാണ് തീരുമാനമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും വിട്ടു പോകാമെന്നും പുറത്ത് നിന്ന് പിന്തുണ നല്‍കാമെന്നും ഫോര്‍വേഡ്ബ്ലോക്ക്, ആര്‍.എസ്.പി നേതാക്കള്‍ പറഞ്ഞു.
യോഗം ഇനി ശനിയാഴ്ച തുടരും. നന്ദിഗ്രാം വിഷയം ഇത്തരത്തില്‍ തിരിച്ചടിയായതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന് മാത്രമാണെന്ന് ഘടകകക്ഷികള്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.












Click it and Unblock the Notifications