കൊച്ചിയിലെ ഐടി പാര്‍ക്ക്: മുത്തൂറ്റ് ഗ്രൂപ്പും രംഗത്ത്
തിരുവനന്തപുരം: കൊച്ചിയില്‍ ഐടി പാര്‍ക്ക് സ്ഥാപിയ്ക്കാമെന്ന നിര്‍ദ്ദേശവുമായി പുതിയ ഒരു ഗ്രൂപ്പ് കൂടി രംഗത്ത്.
മുത്തൂറ്റ് ഗ്രൂപ്പാണ് ഐടി പാര്‍ക്കിനുള്ള പുതിയ നിര്‍ദ്ദേശവുമായി വ്യാഴാഴ്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചത്. ഐടി പാര്‍ക്ക് സ്ഥാപിയ്ക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ഹോംഗ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.ബി ഗ്രൂപ്പിന് പിന്നാലെയാണ് മുത്തൂറ്റ് ഗ്രൂപ്പ് ഐടി പാര്‍ക്ക് സ്ഥാപിയ്ക്കാമെന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സെന്റിന് 90,000 രൂപ നിരക്കില്‍ 200 ഏക്കര്‍ ഭൂമി ഐടി അനുബന്ധ സേവന വികസനത്തിനായി ഏറ്റെടുക്കാമെന്ന നിര്‍ദ്ദേശമാണ് മുത്തൂറ്റ് ഗ്രൂപ്പ് മുന്നോട്ടുവെച്ചിട്ടുള്ളത്. ആങ്ങനെയാകുമ്പോള്‍ ഭൂമിവിലമാത്രം 180കോടി രൂപ വരും. സ്മാര്‍ട് സിറ്റിസ്ഥാപിയ്ക്കുന്നതിന് ടീകോം ഭൂമിവിലയായി ആവശ്യപ്പെട്ടിരിക്കുന്നത് 140 കോടിരൂപ മാത്രമാണ്.
കരാര്‍ ഒപ്പുവെച്ച് ആദ്യത്തെ 24മാസത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും. 200 ലക്ഷം ചതുരശ്രഅടിയിലെ നിര്‍മ്മാണമാണ് ലക്ഷ്യം. ഇതില്‍ 140 ചതുരശ്രയടി ഐടി അനുബന്ധ സേവനങ്ങള്‍ക്കായി നീക്കിവെയ്ക്കുമ്പോള്‍ ബാക്കി 60 ലക്ഷം ചതുരശ്രയടി പാര്‍പ്പിട സൗകര്യം, നക്ഷത്രയോഗം, വ്യാപാര സമുച്ചയം, കായിക വിനോദോപാധികള്‍ തുടങ്ങിയവയ്ക്കായി വിനിയോഗിയ്ക്കും.
പദ്ധതിയില്‍ 2,500 കോടിരൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ നേരിട്ട് 80,000പേര്‍ക്കും നേരിട്ടല്ലാതെ മൂന്നുലക്ഷം പേര്‍ക്കും തൊഴില്‍ ലഭ്യമാകുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
പാര്‍ക്ക് സ്ഥാപിയ്ക്കുന്നതിനുള്ള ഭൂമി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഉപപാട്ടം നല്‍കാനുള്ള അവകാശവും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയില്‍ സര്‍ക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കിവരുന്ന 74 ശതമാനത്തില്‍ 23ശതമാനം ഓഹരികള്‍ വിദേശമലയാളികള്‍ക്ക് നല്‍കാനാണ് ഉദ്ദേശിയ്ക്കുന്നത്. പാര്‍ക്കിന്റെ ഉടമസ്ഥാവകാശം അത് സ്ഥാപിയ്ക്കുന്ന കമ്പനിയ്ക്കായിരിക്കുമെന്നും മുത്തൂറ്റ് ഗ്രൂപ്പ് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ തോമസ് ജോര്‍ജ് മുത്തൂറ്റും തോമസ് മുത്തൂറ്റുമാണ് പദ്ധതി നിര്‍ദ്ദേശവുമായി മുഖ്യമന്ത്രിയെ കണ്ടത്. കൊച്ചിയില്‍ ഐടി പാര്‍ക്ക് സ്ഥാപിയ്ക്കാന്‍ ടീകോമിനൊപ്പം മറ്റ് കമ്പനികളെയും സര്‍ക്കാര്‍ പരിഗണിയ്ക്കുന്നുണ്ടെന്നറിഞ്ഞാണ് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് മുത്തൂറ്റ് ഡയറക്ടര്‍മാര്‍ പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications