സ്കൂള്‍ സമയ മാറ്റത്തിനെതിരേ മുസ്ലീം സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി സമയം മാറ്റാനുളള നിര്‍ദ്ദേശത്തിനെതിരേ പ്രതിഷേധവുമായി വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. മദ്രസകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയാണ് പ്രതിഷേധത്തിനു പിന്നില്‍.
പാഠ്യ പരിഷ്ക്കരണ വിദഗ്ധ സമിതിയാണ് സ്കൂള്‍ പ്രവൃത്തിസമയം മാറ്റണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. കാലത്ത് എട്ട് മണി മുതല്‍ ക്ലാസുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശമാണ് മുസ്ലീം സംഘടനകളെ ആശങ്കയിലാഴത്തിയത്. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം.
സംസ്ഥാനത്ത് കാലത്ത് ഏഴ് മണി മുതല്‍ ഒമ്പത് വരെ നടക്കുന്ന മദ്രസകളുടെ പ്രവര്‍ത്തനം ഇതോടെ നിര്‍ത്തേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. ഏകദേശം 20 ലക്ഷത്തോളം കുട്ടികള്‍ കേരളത്തില്‍ മതപഠനം നടത്തുന്നുണ്ട്. സുന്നി, മുജാഹിദ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ക്കായി 12,400 മദ്രസകള്‍ സംസ്ഥാനത്ത് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് മതപഠനം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. മുസ്ലീം ലീഗുമായി ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് മദ്രസകള്‍ നടത്തുന്ന മുസ്ലീം സംഘടനകളുടെ ആലോചന.












Click it and Unblock the Notifications