ഫെങ്ഷൂയി തലയ്ക്ക് പിടിച്ചു, മലയ്ക്ക് പെയിന്റടിച്ചു
ബീജിങ്: എന്നാലും ഇങ്ങനെയുമുണ്ടോ അന്ധവിശ്വാസികള്‍? ചൈനക്കാരനായ ഡൂ മുഷിങിന്റെ കാര്യം തന്നെ എടുക്കാം. ഫെങ്ഷൂയി തലയ്ക്കു പിടിച്ച ഡൂ വാസസ്ഥലത്തിനടുത്തുളള മലയുടെ ഒരു ഭാഗം തന്നെ പെയിന്റടിച്ചു കളഞ്ഞു.
ചൈനയിലെ തെക്കു പടിഞ്ഞാറന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇങ്ങനെ ചെയ്താല്‍ തന്റെ ഭാഗ്യം തെളിയുമെന്നാണ് ഡൂവിന്റെ വിശ്വാസം.
എന്തായാലും ഒരു തരത്തില്‍ ഭാഗ്യം തെളിഞ്ഞ ലക്ഷണം തന്നെയാണ്. കാരണം ഇത്രയൊക്കെ ചെയ്തിട്ടും ഡൂവിനെ ശിക്ഷിക്കുകയോ, പിഴ ഈടാക്കുകയോ വേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.
സ്വന്തമായി ഡെക്കറേഷന്‍ കമ്പനിയുളള ഡൂ, 60,000 രൂപയാണ് മലയെ പച്ചയടിക്കാനായി ചെലവഴിച്ചത്. മലയുടെ ഒരു ഭാഗത്തുളള ക്വാറിയ്ക്കാണ് ഡൂ കടുംപച്ച നിറമുളള തിളങ്ങുന്ന സ്പ്രേപെയിന്റ് അടിച്ചത്. ഇതിനായി ഒരു ടണ്‍ പെയിന്റാണ് മലയില്‍ പൂശിയത്.
എന്തായാലും മലയുടെ സ്വതസിദ്ധമായ നിറം മാറി പച്ച നിറമായത് പ്രാദേശിക വാസികള്‍ക്ക് ആദ്യം അത്രയ്ക്കങ്ങട്ട് ദഹിച്ചില്ല. യുനാന്‍ പ്രവിശ്യയിലെ ഫുമിന്‍കൗണ്ടി ഫോറസ്റ് ബ്യൂറോ മുഖം മിനുക്കാനായി ചെയ്ത പണിയാണിതെന്നാണ് അവര്‍ വിചാരിച്ചത്.
തങ്ങള്‍ നികുതിയായി അടയ്ക്കുന്ന പണം ഇങ്ങനെ നശിപ്പിച്ചു കളയുന്നതിനു പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തി. എന്നാല്‍ സ്വത്തുക്കള്‍ വര്‍ദ്ധിക്കാനായി താനാണിതു ചെയ്തതെന്ന ഡൂ വെളിപ്പെടുത്തിയപ്പോഴാണ് അവര്‍ തണുത്തത്.
ചുറ്റുപാടുകളെ ഫെങ്ഷൂയിയില്‍ പറഞ്ഞ പ്രകാരം മാറ്റം വരുത്തിയാല്‍ ഭാഗ്യം തെളിയുമെന്ന വിശ്വാസത്തിലാണ് താനിതു ചെയ്തതെന്നും ഡൂ പറഞ്ഞു. പ്രാദേശിക വനം വകുപ്പും ഇതിനെ എതിര്‍ത്തില്ല. മൗനം സമ്മതമെന്നല്ലേ? അതു കൊണ്ട് ധൈര്യമായി പണി പൂര്‍ത്തിയാക്കിയെന്നാണ് ഡൂവിന്റെ അഭിപ്രായം.
ഇപ്പോള്‍ മലയുടെ 1,000ലേറെ ചതുരശ്ര മീറ്ററുകള്‍ കടും പച്ച നിറത്തില്‍ മിന്നിതിളങ്ങുകയാണ്. ഏതായാലും ഡൂവില്‍ നിന്നു പിഴ ഈടാക്കാനോ, മലയ്ക്ക് വെളള പൂശാനോ അധികൃതര്‍ തയ്യാറല്ല.
1.2 ടണ്‍ പെയിന്റ് മലയ്ക്ക് അടിച്ചതു കൊണ്ട് ഗ്രാമീണരുടെ ആരോഗ്യത്തിനോ പരിസ്ഥിതിക്കോ ദോഷമൊന്നുമില്ലെന്ന് പ്രാദേശിക പരിസ്ഥിതി സംരക്ഷണ ബ്യൂറോ അറിയിച്ചിട്ടുമുണ്ട്. അപ്പോള്‍ പിന്നെ ഗ്രാമീണര്‍ക്കും പ്രശ്നമില്ല. അതുകൊണ്ട് ഡൂവിനു ഭാഗ്യം തെളിയുമെങ്കില്‍ തങ്ങളായിട്ട് മുടക്കുന്നില്ലെന്ന് മനോഭാവത്തിലാണ് ഗ്രാമീണര്‍.












Click it and Unblock the Notifications