നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്താന്‍ തീരുമാനം
കൊല്‍ക്കത്ത: നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാനും വെടിവെപ്പിനെത്തുടര്‍ന്ന് വിന്യസിച്ച പോലീസ് സേനയെ ഘട്ടം ഘട്ടമായി പിന്‍വലിക്കാനും ശനിയാഴ്ച ചേര്‍ന്ന പഞ്ചിമബംഗാള്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.
നന്ദിഗ്രാമിലെ സംഭവങ്ങളെത്തുടര്‍ന്ന് ഘടകകക്ഷികള്‍ സിപിഎമ്മിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ചത്തെ നിര്‍ണായക യോഗം നടന്നത്. ഘടകകക്ഷികളുടെ സമ്മര്‍ദത്തിനു സിപിഎം വഴങ്ങിയതായാണ് യോഗതീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഘടകകക്ഷികളോട് ആലോചിക്കാതെ തീരുമാനമെടുക്കുന്ന സിപിഎമ്മിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി വിടുമെന്ന് സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം നന്ദിഗ്രാമിലെ പോലീസ് നടപടിയെ താന്‍ വിമര്‍ശിച്ചെന്ന വാര്‍ത്ത മുന്‍മുഖ്യമന്ത്രി ജ്യോതിബസു നിഷേധിച്ചു. താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സിംഗൂര്‍ ഉള്‍പ്പെടെ എല്ലായിടത്തെയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യയെ അറസ്റു ചെയ്യണമെന്നും മുഖ്യമന്ത്രിയായല്ല കൊലപാതകിയായിട്ടാകും ബുദ്ധദേവിനെ തന്റെ പാര്‍ട്ടി പരിഗണിക്കുകയെന്നും മമത പറഞ്ഞു.












Click it and Unblock the Notifications