മുല്ലപ്പെരിയാര്‍: വിദഗ്ധ സംഘം പരിശോധന തുടരുന്നു
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്തിയാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക മാറ്റങ്ങളെ കുറിച്ച് പഠനം നടത്തുന്ന സംഘം പരിശോധന തുടരുന്നു.
ഞായറാഴ്ച വള്ളക്കടവ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ സംഘം രണ്ടാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. വള്ളക്കടവ് മേഖല കൂടാതെ മുല്ലക്കുടി, താന്നിക്കുടി തുടങ്ങിയ പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചിരുന്നു.
1979 ല്‍ ജലനിരപ്പ് താഴ്ത്തിയതിനെ തുടര്‍ന്ന് ഉണ്ടായ ആവാസ കേന്ദ്രങ്ങളും സംഘം സന്ദര്‍ശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രവും സംഘം ഞായറാഴ്ച സന്ദര്‍ശിക്കുന്നതാണ്.
പശ്ചിമബംഗാളില്‍ നിന്നുളള പരിസ്ഥിതി ശാസ്ത്രജ്ഞനായ ധ്രുവ ജ്യോതി ഘോഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തുന്നത്. അടുത്ത രണ്ട് ദിവസം കൂടി പരിശോധന തുടരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തോടൊപ്പം പാരിസ്ഥിതിക പ്രത്യാഘ്യാതങ്ങളും സുപ്രീംകോടതിയെ അറിയിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications