വധക്കേസില്‍ അജിത് ജോഗി അറസ്റില്‍
റായ്പൂര്‍(ഛത്തീസ്ഗഡ്): എന്‍സിപി സംസ്ഥാന ട്രഷറര്‍ രാമാവതാര്‍ ജഗ്ഗിയെ 2003 ജൂണ്‍ നാലിനു കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും സീനിയര്‍ കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയെ പോലീസ് അറസ്റ് ചെയ്തു.
ഈ മാസാവാസാനം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാജ്നന്ദ് ഗാവിലെ പ്രചാരണത്തിനിടെ രാത്രി ഗാണ്ടായ് ടൗണില്‍ നിന്നാണു ജോഗിയെ കസ്റഡിയിലെടുത്തത്. അറസ്റിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ജോഗിക്ക് ഓക്സിജന്‍ നല്‍കി.
ജോഗിയുടെ അറസ്റിനെതുടര്‍ന്നു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജ്നന്ദ് ഗാവിലെ ഗാണ്ടായ് മേഖലയിലേക്കു കൂടുതല്‍ പോലീസിനെ നിയോഗിച്ചു. രാജ്നന്ദ് ഗാവ് സീനിയര്‍ പോലീസ് സൂപ്രണ്ട് ബി.എസ് മറാവിയും ഉന്നത പോലീസ് ഉദ്യോസസ്ഥരും അവിടെ ക്യാംപു ചെയ്യുകയാണ്.
2004 ലോക്സഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ കാറപകടത്തില്‍ നട്ടെല്ലിനു പരുക്കേറ്റ ജോഗി അന്നു മുതല്‍ മിക്കവാറും വീല്‍ചെയറിലാണ്. ജോഗിയുടെ മകന്‍ അമിതും ഈ കേസില്‍ പ്രതിയാണ്.
ഛത്തീസ്ഗഡിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് ജഗ്ഗി വെടിയേറ്റു മരിച്ചത്. മോഷണ ശ്രമത്തിനിടെ കൊളളക്കാരുടെ വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.
ജഗ്ഗിയുടെ മകന്‍ സതീഷ് ജഗ്ഗി നല്‍കിയ ഹര്‍ജ്ജിയുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ജോഗിക്കെതിരെ അറസ്റുവാറണ്ട് പുറപ്പെടുവിച്ചത്.
ഛത്തീസ്ഗഡില്‍ 2004ല്‍ ബിജെപി നിയമസഭാംഗങ്ങളെ കൈക്കൂലി നല്‍കി വശത്താക്കാന്‍ ശ്രമിച്ച കേസിലും ജോഗിക്കും മകനുമെതിരെ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്.
ഇതേത്തുടര്‍ന്നു ജോഗിയെ കുറച്ചു ദിവസം പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തെങ്കിലും തിരിച്ചെടുത്തു. ഇപ്പോള്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് ലോക്സഭാംഗമാണ് അദ്ദേഹം. മുഖ്യമന്ത്രിയായിരിയ്ക്കേ 2003ല്‍ വ്യാജരേഖ ചമച്ചതിനു സിബിഐ അന്വേഷിച്ച കേസിലും ജോഗി പ്രതിയാണ്.












Click it and Unblock the Notifications