പാല്‍ ക്ഷാമത്തിനു രണ്ടു ദിവസങ്ങള്‍ക്കകം പരിഹാരം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പാല്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ നിയമസഭയെ അറിയിച്ചു. രണ്ടു ദിവസങ്ങള്‍ക്കകം പാല്‍ ക്ഷാമത്തിനു പരിഹാരമുണ്ടാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
കോണ്‍ഗ്രസ് അംഗം കെ.സി. വേണുഗോപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നു പാല്‍ എത്തിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു 11 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം കേരളത്തിലെത്തുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് പാല്‍ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള പാല്‍ വിതരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ പാല്‍ സഹകരണസംഘങ്ങള്‍ ദിനംപ്രതി10 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കാറുണ്ടായിരുന്നത് 6.7 ലക്ഷം ലിറ്ററായി കുറഞ്ഞിട്ടുണ്ടെന്നും ദിവാകരന്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുമുള്ള പാല്‍ സംസ്ഥാനത്ത് എത്തി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications