അറം പറ്റിയ വാക്കുകള്‍!
അയര്‍ലന്റിനെക്കുറിച്ച് നല്ല മതിപ്പായിരുന്നു ബോബ് വൂമര്‍ക്ക്. 2007ലെ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നവാഗത ടീം അയര്‍ലന്റായിരിക്കുമെന്ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ മികച്ച പ്രകടനം പാകിസ്താനെതിരെ ആവരുതേയെന്ന് തമാശയോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തു വൂമര്‍.
പ്രാര്‍ത്ഥന ഫലിച്ചില്ല. അയര്‍ലന്റ് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് പാകിസ്താനെതിരെ. ഫലം 2007 ലെ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ അട്ടിമറി. പാകിസ്താന്‍ പുറത്ത്.
അയര്‍ലന്‍ഡിനെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് നല്‍കിയത് ബോബ് വൂമര്‍ എന്ന ക്രിക്കറ്റ് കോച്ചാണ്. ആ പണിയില്‍ എന്തു കൊണ്ടാണ് വൂമര്‍ ഏറ്റവും മിടുക്കനായതെന്ന് ഈ നിരീക്ഷണം ഉത്തരം പറയും. പ്രതിഭകളെ കണ്ടാല്‍ തിരിച്ചറിയാവുന്ന, അവരെ തേച്ചു മിനുക്കേണ്ടതെങ്ങനെയെന്ന് നന്നായി അറിയാവുന്ന കോച്ച്.
1999ലെ ലോകകപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വിലപിടിച്ച കോച്ചായിരുന്നു ബോബ് വൂമര്‍. പക്ഷേ ആഭ്യന്തര സംഘര്‍ഷം മൂലം അടിമുടി ഉലഞ്ഞ പാകിസ്താന്‍ ടീമിനെ മെരുക്കാന്‍ വൂമര്‍ പഠിച്ച അടവുകളൊന്നും പോരായിരുന്നു.
ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പുറത്തായ ഉടനെ മുന്‍നായകന്‍ ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടത് ബോബ് വൂമര്‍ രാജി വയ്ക്കണമെന്നായിരുന്നു. ഈ ലോകത്തില്‍ നിന്നു തന്നെ ബോബ് വൂമര്‍ ഒഴിഞ്ഞു കൊടുത്തു.
ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ തന്റെ സ്വന്തം വെബ്സൈറ്റായ ബോബ് വൂമര്‍ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഞങ്ങള്‍ പുന പ്രസിദ്ധീകരിക്കുന്നു. ലോകകപ്പിനെക്കുറിച്ച്, മത്സരിക്കുന്ന ടീമുകളെക്കുറിച്ച് അദ്ദേഹം മനസു തുറന്ന അഭിമുഖം.
ചോദ്യം : ലോകകപ്പ് ഇക്കുറി ആരു നേടുമെന്നാണ് താങ്കള്‍ കരുതുന്നത്?
ഉത്തരം : ആസ്ട്രേലിയ തന്നെയാണ് പന്തയക്കുതിരകള്‍. എന്നാല്‍ എന്റെ ഇഷ്ടടീം ദക്ഷിണാഫ്രിക്കയാണ്.
ചോദ്യം : വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരില്‍ ആരു ശോഭിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
ഉത്തരം : അഫ്രിഡിയിലാണ് ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ പോണ്ടിംഗ്, പീറ്റേഴ്സണ്‍, ഫ്ലിന്റോഫ്, ധോണി, ജസ്റിന്‍ കെംപ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കും.
ചോദ്യം: -താരതമ്യേനെ അപ്രശസ്തരായവരില്‍ ആരാവും ഇക്കുറി മികവു കാട്ടുക?
ഉത്തരം : ഈ ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. ലോകകപ്പു പോലുളള മത്സരങ്ങളില്‍ പരിചയ സമ്പത്തിനു തന്നെയാണ് മുന്‍തൂക്കം. എങ്കിലും ആസ്ട്രേലിയയുടെ മൈക്കേല്‍ ക്ലര്‍ക്കും ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്സും ശ്രീലങ്കയുടെ ഉപുല്‍ തരംഗയും വെസ്റിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സുമൊക്കെ മികവു പ്രകടിപ്പിക്കും.
ചോദ്യം : അട്ടിമറിക്കു കെല്‍പ്പുളള നവാഗത ടീം ഏതായിരിക്കും? ആരെയാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?
ഉത്തരം : അയര്‍ലന്‍ഡ് മികച്ച ഫോമിലാണ്. ഒരു പക്ഷേ അവരാവും ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍. അവരുടെ മികവ് പാകിസ്താനെതിരെ പുറത്തെടുക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
ചോദ്യം : അക്തര്‍, അബ്ദുല്‍ റസാഖ്, മുഹമ്മദ് ആസിഫ് എന്നിവരുടെ അഭാവം എങ്ങനെ ബാധിക്കും?
ഉത്തരം : തീര്‍ച്ചയായും അവരുടെ അഭാവം വലിയ നഷ്ടം തന്നെയാണ്.
ചോദ്യം : ഇന്‍സമാം ഉള്‍ ഹഖിന്റെ ഫോമില്ലായ്മ താങ്കളെ അലട്ടുന്നുണ്ടോ?
ഉത്തരം : അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമിലാണ്. ഇന്‍സമാമിന്റെ മികച്ച പ്രകടനത്തോട് ടീം അതേ നിലയില്‍ പ്രതികരിക്കും.
ചോദ്യം : ഇമ്രാന്‍ നസീറിനെ എങ്ങനെ വിലയിരുത്തുന്നു?
ഉത്തരം : ഒന്നാന്തരം സ്ട്രോക്ക് പ്ലെയറാണ് ഇമ്രാന്‍ നസീര്‍. മുന്‍പിന്‍ നോക്കാതെ എടുത്തു ചാടുമെന്നതൊഴിച്ചാല്‍ അപകടകാരിയായ ബാറ്റ്സ്മാനാണ് നസീര്‍.
ചോദ്യം : 2003ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പാകിസ്താന്‍ പുറത്തായി. ഈ ലോകകപ്പിന്റെ പ്രതീക്ഷകള്‍?
ഉത്തരം : പ്രവചനങ്ങള്‍ക്ക് ഞാനില്ല. 2003ലെ ടീമിന്റെ ഭാഗമല്ലാത്ത ഞാന്‍ അതേക്കുറിച്ച് വിലയിരുത്തുന്നതും ശരിയല്ല.
ചോദ്യം : ആതിഥേയരെന്ന നിലയില്‍ വെസ്റിന്‍ഡീസിനെ എങ്ങനെ വിലയിരുത്തുന്നു?
ഉത്തരം : സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം അവര്‍ക്കുണ്ട്. വെസ്റിന്‍ഡീസിന്റെ പ്രതാപം അവര്‍ വീണ്ടെടുക്കട്ടെയെന്ന് ആശംസിക്കാം.
ചോദ്യം : ബ്രയന്‍ ലാറയുടെ അവസാന ലോകകപ്പായിരിക്കും ഇത്. വരും തലമുറ എങ്ങനെയാവും ലാറയെ വിലയിരുത്തുക?
ഉത്തരം : ക്രിക്കറ്റിലെ ഇതിഹാസപുരുഷനാണ് ബ്രയന്‍ലാറ. 501, 400 എന്നിങ്ങനെയുളള പടൂകൂറ്റന്‍ സ്കോറുകള്‍ക്ക് ജന്മം നല്‍കിയ ഇന്നിംഗ്സുകള്‍ എങ്ങനെയാണ് ക്രിക്കറ്റ് ലോകം മറക്കുക? അക്ഷരാര്‍ത്ഥത്തില്‍ ലാറ ഇതിഹാസം തന്നെയാണ്.
ചോദ്യം : താങ്കളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ എഭപകാരമാണ്?
ഉത്തരം : എല്ലാ ടീമുകളെയും പോലെ കടുത്ത വെല്ലുവിളികള്‍ അവരുടെ മുന്നിലുമുണ്ട്. മികച്ച സ്ട്രൈക്കര്‍മാരുണ്ട് ഇംഗ്ലണ്ട് ടീമില്‍. ലക്ഷ്യബോധത്തോടെ കളിച്ചാല്‍ മുന്നേറാവുന്നതേയുളളൂ
ചോദ്യം : മൈക്കേല്‍ വോണ്‍ ക്യാപ്റ്റനാക്കിയത് അനവസരത്തിലാണ് എന്നു തോന്നുന്നുണ്ടോ?
ഉത്തരം : അത്തരം വിലയിരുത്തല്‍ നടത്താന്‍ ഞാന്‍ ആളല്ല. മൈക്കേല്‍ വോണ്‍ ഡ്രസിംഗ് റൂമിലുളളതു തന്നെ ആവേശകരമായ സംഗതിയാണ് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച്.
ചോദ്യം : ഡങ്കണ്‍ ഫ്ലെച്ചര്‍ തന്നെയാവുമോ അടുത്ത ഇംഗ്ലണ്ട് കോച്ച്?
ഉത്തരം : ഈ ചോദ്യം അദ്ദേഹത്തോടു തന്നെ ചോദിക്കുന്നതു തന്നെയാവും ഉചിതം. അല്ലെങ്കില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ചോദിക്കുക.
ചോദ്യം : തുടര്‍ച്ചായ മൂന്നാം തവണയും ആസ്ട്രേലിയ ലോകകപ്പ് ഫൈനലില്‍ എത്തുമോ?
ഉത്തരം : അവരെ തോല്‍പ്പിക്കുന്ന എന്ന ലക്ഷ്യവുമായി ഏറെ ടീമുകള്‍ നില്‍ക്കുന്നുണ്ട്. ഫൈനലില്‍ ഇക്കുറി എത്തണമെങ്കില്‍ ഓസീസ് അവരുടെ ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ അവര്‍ ഇപ്പോള്‍ തോല്‍പ്പിക്കപ്പെടാവുന്ന ടീം തന്നെയാണ്.












Click it and Unblock the Notifications