ലോട്ടറിക്കേസ്: സംസ്ഥാനം റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ഐസക്
തിരുവനന്തപുരം: ലോട്ടറിക്കേസില്‍ സുപ്രിം കോടതി വിധിയ്ക്കെതിരെ സംസ്ഥാനം റിവ്യൂഹര്‍ജി സമര്‍പ്പിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
മൂന്നംഗ ബഞ്ച് രൂപീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാകുന്ന മുറയ്ക്ക് മറ്റ് നടപടികള്‍ സ്വീകരിയ്ക്കും. ലോട്ടറിക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിയ്ക്കും. പ്രവാസികള്‍ക്കായി പ്രത്യേക ക്ഷേമനിധി രൂപീകരിയ്ക്കുമെന്നും വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേ മന്ത്രി പറഞ്ഞു.
നാലുമാസത്തെ ചെലവുകള്‍ക്കായി 806737,03000 രൂപയുടെ വോട്ട്ഓണ്‍ അക്കൗണ്ട് സഭ പാസാക്കി. ലോട്ടറിക്കേസ് നടത്തിപ്പിനായി പ്രമുഖ അഭിഭാഷരായ ടി.എല്‍ വിശ്വനാഥ അയ്യര്‍, സി.എസ് വൈദ്യനാഥന്‍, നാഗേശ്വര റാവു എന്നിവരടങ്ങുന്ന സ്ഥിരം പാനല്‍ രൂപീകരിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാറാണ് അന്യസംസ്ഥാന ലോട്ടറികള്‍ക്കായി സഹായം ചെയ്തത്. അതിന്റെ ഫലമായുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ പരഹരിയ്ക്കുക എളുപ്പമല്ല- മന്ത്രി പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന നിലപാട് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പണം കൊടുത്തു തീര്‍ക്കാത്തതിനാല്‍ ലോട്ടറിക്കേസ് നടത്തിപ്പിനായി സുപ്രിം കോടതിയില്‍ നിന്ന് മികവുറ്റ അഭിഭാഷകരെ കിട്ടാന്‍ വിഷമം നേരിട്ടു- ഐസക് വിശദീകരിച്ചു.
ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് എം പുതുശേരി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ലോട്ടറിക്കേസില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി വിശദീകരിച്ചത്.


Click it and Unblock the Notifications