ആര്‍എസ്എസ്-എന്‍ഡിഎഫ് സംഘര്‍ഷം: മലപ്പുറത്ത് നിരോധനാജ്ഞ
മലപ്പുറം: ആര്‍എസ്എസ്-എന്‍ഡിഎഫ് സംഘര്‍ഷം നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലെ ചിലമേഖലകളില്‍ പൊലീസ് നിയമമനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരൂരങ്ങാടി, പരപ്പനങ്ങാടി, കോട്ടയ്ക്കല്‍ എന്നീ പൊലീസ് സ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിരോധനാജ്ഞ തുടരും. വൈകീട്ട് അഞ്ചുമുതല്‍ രാവിലെ ആറുവരെയാണ് നിരോധനാജ്ഞ.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിയ്ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കില്‍ ഒരാള്‍ മാത്രമേ സഞ്ചരിയ്ക്കാവൂ. കുടുംബാംഗമാണെങ്കില്‍ മാത്രം രണ്ടുപേരെ അനുവദിയ്ക്കും.
ബുധനാഴ്ച പരപ്പനങ്ങാടിയില്‍ വീണ്ടും ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകന് വെട്ടേറ്റതിന്റെ പഞ്ചാത്തലത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്ക് ജില്ലയില്‍ പലയിടത്തും പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
തേജസ് ദിനപ്പത്രത്തിന്റെ പ്രാദേശിക ലേഖകനും ഓട്ടോ ഡ്രൈവറുമായ വലിയകത്തൊടി അബ്ദുല്‍ ഹമീദ്(30)നാണ് വെട്ടേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മുരിക്കല്‍ റോഡില്‍ കൃഷിഭവന് സമീപമാണ് സംഭവം.
പാലത്തിങ്ങലില്‍ നിന്ന് ചിറമംഗലത്തേയ്ക്ക് ഓട്ടോയില്‍ വരുകയായിരുന്ന ഹമീദിനെ രണ്ടു ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം ഓട്ടോയിലില്‍ നിന്ന് വലിച്ചിറക്കി വെട്ടുകയായിരുന്നു. വയറിനും കൈയ്ക്കും സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെത്തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ വ്യാഴാഴ്ച രാവിലെ കോട്ടയ്ക്കല്‍ പൊലീസ് സ്റേഷന് നേരെ ഒരു സംഘം എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാവിലെ കല്ലേറുനടത്തി. സ്റേഷനിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 25 എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തു.
എന്‍ഡിഎഫ് സംസ്ഥാന ചെര്‍മാന്‍ അബ്ദുറഹിമാന്‍ വാഖഫി, ഗ്രീന്‍ വാലി ട്രസ്റ് ചെയര്‍മാന്‍ എ.സെയ്ദ് എന്നിവരെ ബുധനാഴ്ച രാത്രി പൊലീസ് മുന്‍കരുതല്‍ കസ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരു സംഘം എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാത്രി 2.30തോടെ പൊലീസ് സ്റേഷന് മുന്നില്‍ തടിച്ചുകൂടി. ഇവരെ വിരട്ടിയോടിക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ഈ മേഖലയില്‍ കുറച്ചുനാളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ഡിഎഫ് നേതാക്കളെ മുന്‍കരുതല്‍ കസ്റഡിയിലെടുത്തത്.












Click it and Unblock the Notifications