സ്വാശ്രയം: മുഴുവന്‍ പ്രവേശനവും സര്‍ക്കാര്‍ ലിസ്റില്‍ നിന്ന്
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ പ്രഫഷണല്‍ കോളെജുകളിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ തയാറാക്കുന്ന റാങ്ക് ലിസ്റില്‍ നിന്നായിരിക്കണമെന്നു പ്രവേശന മേല്‍നോട്ടത്തിന്റെ ചുമതലയുളള ജസ്റിസ് പി.എ മുഹമ്മദ് കമ്മറ്റി നിര്‍ദേശിച്ചു.
പ്രവേശനത്തിന് പ്ലസ്ടു, എസ്എസ്എല്‍സി മാര്‍ക്ക് കൂടി പരിഗണിക്കാന്‍ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം കമ്മിറ്റി തളളി. കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ അറിയിച്ചു.
സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടികയില്‍ നിന്നാണ് പ്രവേശനത്തിനു വേണ്ടി മാനേജ്മെന്റുകള്‍ക്ക് അപേക്ഷ നല്‍കുന്നവരെ പ്രവേശിപ്പിക്കേണ്ടത് എന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടത്. റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം നടത്തേണ്ടത്.
എന്‍ആര്‍ഐ സീറ്റില്‍ മാത്രം ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താം. സ്വാശ്രയ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യമോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സിയോ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ തീരുമാനവും മുഹമ്മദ് കമ്മിറ്റി അംഗീകരിച്ചില്ല.
ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയെക്കൊണ്ട് പ്രവേശനപരീക്ഷ നടത്തിപ്പിക്കാമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ കമ്മിറ്റിയെ അറിയിച്ചുവെങ്കിലും ഇതും അംഗീകരിക്കപ്പെട്ടില്ല. ഏജന്‍സിയുടെ വിശ്വാസ്യത ബോധ്യപെട്ടിട്ടില്ലെന്നാണ് കമ്മിറ്റിയുടെ നിലപാട്.
മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനം ബുധനാഴ്ച തന്നെ മാനേജ്മെന്റുകള്‍ക്ക് അയച്ചുകൊടുത്തതായി മാനേജര്‍ ആര്‍.ഡി സുബ്രഹ്മണ്യം അറിയിച്ചു. പ്രൊഫഷനല്‍ കോഴ്സുകളുടെ ഫീസ് നിര്‍ണയത്തിനു മേല്‍നോട്ടം വഹിക്കുന്ന ജസ്റിസ് പി.എ മുഹമ്മദ് കമ്മിറ്റിയുടെ യോഗം 27നു തിരുവനന്തപുരത്തു നടക്കും.












Click it and Unblock the Notifications