എം.ജെ ജേക്കബിനെതിരായ വിധി സ്റേ ചെയ്തു
ദില്ലി: പിറവം നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം.ജെ ജേക്കബിന്റെ ജയം റദ്ദാക്കിക്കൊണ്ടുളള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റേ ചെയ്തു. ജേക്കബിന് സഭാ നടപടികളില്‍ പങ്കെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ വോട്ടിംഗില്‍ പങ്കെടുക്കാനോ അവകാശമുണ്ടായിരിക്കില്ല. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ജേക്കബ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് നടപടി.
എന്നാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് കാട്ടിയതിന് എം.ജെ ജേക്കബിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ നടക്കുന്ന വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി.
എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിപരമായി സ്വഭാവഹത്യ നടത്തുന്നവിധം ലഘുരേഖ അച്ചടിച്ചു വിതരണം ചെയ്തു തിരഞ്ഞെടുപ്പു ക്രമക്കേടു നടത്തിയെന്നു വിലയിരുത്തിയാണു ഹൈക്കോടതി ജേക്കബിന്റെ ജയം റദ്ദാക്കിയത്. സ്ഥാനാര്‍ത്ഥിയുടെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും അറിവോടെയാണു ലഘുരേഖ തയാറാക്കി വിതരണം ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
തിരഞ്ഞടുപ്പില്‍ ക്രമക്കേട് നടത്തിയയെന്നാരോപിച്ച് മണ്ഡലത്തിലെ വോട്ടറായ കൂത്താട്ടുകുളം കാക്കൂര്‍ സ്വദേശി എ.നാരായണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2006 മാര്‍ച്ച് 29ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം.ജെ ജേക്കബ്, യുഡിഎഫിലെ ടി.എം ജേക്കബിനെ 5150 വോട്ടിനാണ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications