മാധ്യമ സിന്‍ഡിക്കേറ്റ്: ആരോപണവുമായി പിണറായി വീണ്ടും
തിരുവനന്തപുരം: മാധ്യമ സിന്‍ഡിക്കേറ്റെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്ത്.
പൊതുമാന്യതയുടെ പേരിലാണ് മാധ്യമ സിന്‍ഡിക്കേറ്റിലുള്‍പ്പെട്ടവരുടെ പേരുകള്‍ താന്‍ വെളിപ്പെടുത്താത്തതെന്നാണ് ബുധനാഴ്ച തലസ്ഥാനത്ത് നടന്ന ഒരു സെമിനാറില്‍ സംസിരിയ്ക്കുന്നതിനിടയില്‍ പിണറായി പറഞ്ഞത്.
പാര്‍ട്ടിയിലേയ്ക്ക് പുതുതായി വന്നുകൊണ്ടിരിയ്ക്കുന്നവരെ തടയലാണ് മാധ്യമസിന്‍ഡിക്കേറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ ധര്‍മ്മത്തിനപ്പുറം മറ്റു ചില ധര്‍മ്മങ്ങള്‍ കൂടി നിര്‍വ്വഹിയ്ക്കുന്നവരാണ് സിന്‍ഡിക്കേറ്റിലുള്ളവര്‍. സര്‍ക്കാറിനെയും സിപിഎമ്മിനെയും തകര്‍ക്കാര്‍ ശ്രമിയ്ക്കുന്ന ചുരുക്കം ചിലരാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്.
കെട്ടിച്ചമച്ച വാര്‍ത്തകളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരും ഉണ്ട്. സിപിഎം നിലനില്‍ക്കുന്നത് തങ്ങളുടെ ദയകൊണ്ടാണെന്ന ധാരണയിലാണ് ഇവര്‍ പ്രവര്‍ത്തിയ്ക്കുന്നത്. എന്നാല്‍ സിപിഎം മാധ്യമ സഹായം കൊണ്ട് നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല.
ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയ ജി. ശക്തിധരനും മറ്റും നടത്തുന്ന ജനശക്തിയുടെ പ്രധാന പ്രചാരകന്‍ മാധ്യമ സിന്റിക്കേറ്റിലെ ഒരു നായകനാണ്. പാര്‍ട്ടിയിലെ ചില ആളുകള്‍ ഇത്തരക്കാര്‍ക്ക് സഹായം ചെയ്തിട്ടുണ്ട്. അതാണ് മലപ്പുറം സമ്മേളനകാലത്ത് വാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടാകാന്‍ കാരണമായത്. ഷാജഹാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പരാമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞു.
മാതൃഭൂമി, മലയാള മനോരമ, മാധ്യമം, കേരള കൗമുദി തുടങ്ങിയ പത്രങ്ങളെ പാര്‍ട്ടിയ്ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിണറായി പേരെടുത്ത് വിമര്‍ശിച്ചു. നന്ദിഗ്രാം പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം മലയാള പത്രങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെച്ചുവെന്നും എഡിബി കരാര്‍ ഒപ്പിട്ട വിഷയം പാര്‍ട്ടിയ്ക്കെതിരായ ആയുധമാക്കിയെന്നും പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications