സ്വാശ്രയ കോളജുകളുടെ നിലവാരം പരിശോധിയ്ക്കും: ബേബി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളുടെ നിലവാരം പരിശോധിയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നിയസഭയെ അറിയിച്ചു.
യോഗ്യരായ അധ്യാപകരെയാണ് സ്ഥാപനങ്ങളില്‍ നിയമിയ്ക്കുന്നതെന്ന് ഉറപ്പുവരുത്തും. ലബോറട്ടറികളുടെ നിലവാരവും പരിശോധിയ്ക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരീക്ഷാ നടത്തിപ്പുകളിലെ ക്രമക്കേട് തടയുന്നതിന് നടപടി സ്വീകരിയ്ക്കും- മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കുന്ന പൊതു പ്രവേശന പരീക്ഷയുടെ സമയം രണ്ട് മണിക്കൂറില്‍ നിന്നും രണ്ടര മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് 1,00,399 പേര്‍ അപേക്ഷിച്ചിട്ടുണ്ട്.
സ്വാശ്രയ കോളജ് പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട കാര്യമില്ല. സ്വാശ്രയ മേഖലയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ലഭിച്ചിട്ടില്ലെന്ന ആരോപണം ശരിയല്ല- മന്ത്രി അറിയിച്ചു.
വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.












Click it and Unblock the Notifications