നോയിഡ കേസ് വീണ്ടും അന്വേഷിക്കണമെന്ന്
ലക്നൗ: നിഥാരി കൂട്ടക്കൊല വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. സിബിഐ വ്യാഴാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കൂട്ടക്കൊലയ്ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം വീട്ടുവേലക്കാരനായ സുരേന്ദര്‍ കോലിക്കാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കൊലപാതകത്തില്‍ മൊനീന്ദര്‍ സിങ് പാന്ഥറിന് പങ്കില്ലെന്ന് പറയുന്നത് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ഗ്രാമവാസികള്‍ അഭിപ്രായപ്പെട്ടു. വീട്ടുടമസ്ഥന്റെ പങ്കില്ലാതെ വേലക്കാരനായ സുരേന്ദറിന് ഒറ്റയ്ക്ക് ഇത്രയും കൊലപാതകങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
വീട്ടുടമസ്ഥനായ മൊനീന്ദര്‍ സിങ് പാന്ഥറിന് കൊലപാതക പരമ്പരയില്‍ പങ്കില്ലെന്ന് കണ്ടെത്തിയ സിബിഐ പായല്‍ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മാത്രമാണ് പാന്ഥറിന് കുറ്റപത്രം നല്‍കിയത്. നോയിഡ നിഥാരി കൂട്ടക്കൊലയുടെ ഉത്തരവാദി മൊനീന്ദര്‍ സിങ് പാന്ഥറുടെ വേലക്കാരനായ സുരീന്ദര്‍ കോലിയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ജഡങ്ങളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുകയും ജഡഭാഗങ്ങള്‍ തിന്നുകയും ചെയ്യുന്ന മനോവൈകല്യമുളള കോലിയാണു 16 കൗമാരക്കാരുടെ കൊലയ്ക്കു പിന്നിലെന്നു സിബിഐ ജോയിന്റ് ഡയറക്ടര്‍ അരുണ്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ശ്വാസം മുട്ടിച്ചു കൊന്ന് ഇരകളില്‍ ലൈംഗിക വൈകൃതങ്ങള്‍ നടത്തിയശേഷം ശരീരഭാഗങ്ങള്‍ കോലി മുറിച്ചു മാറ്റും.
കുറേ രക്തമൊഴുകിയ ശേഷം വീണ്ടും അവയെ മുറിക്കും. ഇങ്ങനെ മൂന്നു ജഡങ്ങളുടെ ഭാഗങ്ങളാണു കോലി അറുത്തുമുറിച്ച ശേഷം ഭക്ഷിച്ചതെന്നും അരുണ്‍കുമാര്‍ അറിയിച്ചു.
കോലി നടത്തിയ കുറ്റസമ്മതത്തിലാണു കൊലപാതകങ്ങളിലൊന്നും മൊനീന്ദര്‍ സിങ്ങിനു പങ്കില്ലെന്നു വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications