കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തോല്‍വി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. . .

  • By Staff
Google Oneindia Malayalam News

എത്രയാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒരു വര്‍ഷത്തെ പരസ്യവരുമാനം. അറിയില്ല എന്നേ പറയാനാവൂ. സാച്ചി ആന്റ് സാച്ചി എന്ന പരസ്യക്കമ്പനി സച്ചിനുമായി 2007ല്‍ 180 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ സിഈഒയും എംഡിയുമായ വി ശാന്തകുമാറിന് തീര്‍ച്ചയായും ഇത് നിഷേധിക്കാനുളള അവകാശമുണ്ട്.

പക്ഷേ നിഷേധിക്കുമ്പോഴും തുക എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ബിസിസിഐ സച്ചിന് അമ്പതു ലക്ഷം പ്രതിവര്‍ഷം നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നുത്തരം.

1995ല്‍ 30 കോടി രൂപയ്ക്കാണ് വേള്‍ഡ് ടെല്‍ എന്ന പരസ്യക്കമ്പനി സച്ചിന്‍ തെണ്ടുല്‍ക്കറുമായി കരാറില്‍ ഏര്‍പ്പെട്ടത്. ആറു വര്‍ഷത്തിനു ശേഷം അതേ കമ്പനി അതേ താരവുമായി അഞ്ചു വര്‍ഷത്തേയ്ക്ക് ഉണ്ടാക്കിയ കരാര്‍ 100 കോടി രൂപയുടേതാണ്. 2007ല്‍ സാച്ചി ആന്റ് സാച്ചി എത്ര കോടിയ്ക്കാണ് സച്ചിനെ വിലയ്ക്കെടുത്തത് എന്നത് കമ്പനി പുറത്തു പറയുന്നതേയില്ല.

ഒരു പരസ്യത്തിന് രണ്ടര മുതല്‍ മൂന്നു കോടി വരെയാണ് സച്ചിന്റെ പോക്കറ്റില്‍ എത്തുന്നതെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ ഇത് അണിയറക്കണക്കനുസരിച്ച് നാലു മുതല്‍ ആറു കോടിവരെ ഉയരുന്നു.

വിസ, ആക്ഷന്‍ ഷൂസ്, അഡിഡാസ്, പെപ്സി, കോള്‍ഗേറ്റ്, ബൂസ്റ്, ഫിലിപ്സ്, എംആര്‍എഫ്, ഫിയറ്റ് എന്നിങ്ങനെ നീളുന്നു സച്ചിനെ ബ്രാന്റ് അംബാസിഡറാക്കിയ കമ്പനികളുടെ പട്ടിക.

2005ല്‍ നാലു കോടി രൂപയ്ക്കാണ് എയര്‍ ടെല്‍ സച്ചിനുമായി കരാര്‍ ഒപ്പുവച്ചത്. ഈ കരാര്‍ കമ്പനി പിന്നീട് പുതുക്കിയില്ല. പക്ഷേ, കനോണ്‍ പോലുളള പുതിയ കമ്പനികള്‍ സച്ചിനെത്തേടി വരുന്നതു കാരണം എയര്‍ടെല്ലിന്റെ പിന്മാറ്റമൊന്നും മാസ്റര്‍ ബ്ലാസ്ററെ ബാധിക്കുന്നില്ല.

ടെസ്റ് ഒന്നിന് ഒന്നേകാല്‍ ലക്ഷം. ഏകദിനത്തിന് തൊണ്ണൂറായിരം എന്നിങ്ങനെയാണ് ബിസിസിഐ സച്ചിനു നല്‍കുന്ന ശംബളം. പൂജ്യത്തിന് പുറത്തായാലും സെഞ്ച്വറിയടിച്ചാലും തൊണ്ണൂറായിരം കിട്ടുമെങ്കില്‍ ചുമ്മാ പൊരിവെയിലത്തു നിന്ന് വെയിലു കൊളളുന്നതെന്തിന് എന്ന് സൂപ്പര്‍താരം ചിന്തിച്ചാല്‍ കുറ്റം പറയേണ്ടതില്ല.

ലോകകപ്പിലെ ഇന്ത്യയുടെ പരാജയം നമ്മെ ഓര്‍മ്മിപ്പിക്കുന്ന കണക്കുകള്‍ സങ്കല്‍പങ്ങള്‍ക്കും അപ്പുറമാണ്. ലോകത്തെ ഒന്നാം നമ്പര്‍ ടീമുകളായ ആസ്ട്രേലിയയ്ക്കോ ദക്ഷിണാഫ്രിക്കയ്ക്കോ ഇത്രയും വിലയേറിയ താരങ്ങള്‍ ഇല്ലെന്നോര്‍ക്കുക. പക്ഷേ, പൊരുതാതെ ഒരു മത്സരവും അവര്‍ ആര്‍ക്കും അടിയറ വയ്ക്കില്ല.

സമ്മര്‍ദ്ദം വാനോളമുയര്‍ന്ന ഏത് മത്സരമാണ് അടുത്ത കാലത്ത് ഇന്ത്യ ജയിച്ചത്? ഇത്രയും ഉയര്‍ന്ന വരുമാനവും സാമ്പത്തിക സാധ്യതകളും ഉണ്ടായിട്ടും നമ്മുടെ കളിക്കാര്‍ക്ക് സമ്മര്‍ദ്ദം അതിജീവിക്കാനാവാത്ത് എന്തു കൊണ്ടാണ്? എന്താണ് ഇന്ത്യന്‍ ക്രിക്കറ്റിന് നമ്മുടെ സൂപ്പര്‍താരങ്ങളുടെ സംഭാവന?

ക്രിക്കറ്റ് പ്രേമികള്‍ ആവര്‍ത്തിച്ച് ചോദിക്കേണ്ട ചോദ്യമാണ് ഇത്. ആദായനികുതി വകുപ്പിനെ കബളിപ്പിക്കാന്‍ സംഭാവനാ നാടകങ്ങള്‍ നടത്തുന്നതൊഴിച്ചാല്‍ ഇന്ത്യയിലെ ക്രിക്കറ്റിന് ഇവരുടെ സംഭാവന പൂജ്യമാണ്.

അന്താരാഷ്ട്ര നിലവാരമുളള ഗ്രൗണ്ട് നിര്‍മ്മിക്കാന്‍, നല്ലൊരു ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാന്‍, വളര്‍ന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനൊക്കെ എന്തെങ്കിലും കാര്യമാത്ര പ്രസക്തമായ ശ്രമം നമ്മുടെ സൂപ്പര്‍ താരങ്ങളില്‍ നിന്നും ഉണ്ടാകുന്നില്ല. ക്രിക്കറ്റില്‍ നിന്നും കിട്ടാവുന്നതത്രയും വാരിയെടുക്കുമ്പോഴും അവര്‍ ക്രിക്കറ്റിനു വേണ്ടി ഒന്നും തിരിച്ചു നല്‍കുന്നില്ല.

റണ്‍മഴയും സെഞ്ച്വറികളുടെ എണ്ണവും അഞ്ചു വിക്കറ്റ് നേട്ടവുമൊക്കെ പരസ്യമൂല്യം കൂട്ടാനുളള വഴികള്‍ മാത്രം. ആര്‍പ്പു വിളിക്കുന്ന കാണികള്‍ വെറും മണ്ടന്മാരും. ആര്‍ക്കും ആരെയും എല്ലാക്കാലവും മണ്ടന്മാരാക്കാനാവില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X