സഭയില്‍ കൈയ്യാങ്കളി, നിയമസഭ നിര്‍ത്തിവച്ചു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ കൈയ്യാങ്കളിയാണ് സഭ നിര്‍ത്തി വയ്ക്കുന്നതില്‍ കലാശിച്ചത്.
മന്ത്രി എ.കെ ബാലനെ ശിക്ഷിച്ച സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തു നിന്നും വി.ഡി സതീശനാണ് അനുമതി തേടിയത്.
ഇതിനു മറുപടിയായി മന്ത്രി എന്ന നിലയിലുളള പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത കോടതി വിധിയാണ് എ.കെ ബാലന് വന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതി ആരോപണകേസില്‍ രാജി വച്ച കോണ്‍ഗ്രസ് നേതാക്കന്‍മാരേയും ബാലനേയും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഭാ നടപടികളില്‍ പങ്കെടുക്കവേ അറസ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി നടപടി ഗൗരവമായി കാണുന്നുവെന്നും അച്യുതാനന്ദന്‍ അറിയിച്ചു. നിയമസഭയുടെ അന്തസ് മാനിക്കാത്ത നടപടിയാണ് കോടതിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തതിനാണ് ശിക്ഷയെന്നും ബാലന് മന്ത്രിയായി തുടരാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
ഇതില്‍ പ്രതിഷേധിച്ച് എ.കെ ബാലന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.












Click it and Unblock the Notifications