രണ്ടു രൂപ നാണയം ക്രിസ്തുമത പ്രചരണം ലക്ഷ്യമിട്ടത്
ജബല്‍പൂര്‍: പുതിയ രണ്ടു രൂപ നാണയം ക്രിസ്തുമത പ്രചരണം ലക്ഷ്യമിട്ട് പുറത്തിറക്കിയതാണെന്ന് ആരോപണം. വിഎച്ച്പി, അഖില ഭാരതീയ സന്ത് സമിതി എന്നീ സംഘടനകളാണ് പുതിയ രണ്ടു രൂപ നാണയത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നാണയത്തിന്റെ ഒരു വശത്ത് പതിച്ച ചിഹ്നം കുരിശ് രൂപത്തോടു സാദൃശ്യമുളളതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. 2006ല്‍ പുറത്തിറക്കിയ പുതിയ രണ്ടു രൂപ നാണയത്തില്‍ പതിച്ച രൂപം ജറുസലേം കുരിശി(ക്രൂസെഡര്‍ കുരിശ്)ന്റെ പ്രതീകമാണ് അനുസ്മരിപ്പിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഒമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലേയും ജര്‍മ്മനിയിലേയും രാജാവായിരുന്ന ലൂയിസ് ദി പയസിന്റെ കാലത്തു പ്രാബല്യത്തിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങളുമായി സാമ്യമുളളതാണ് പുതിയ നാണയമെന്ന് വിഎച്ച് പി നേതാവ് മായാറാം ജസ്വാനിയും സമിതി ജനറല്‍ സെക്രട്ടറി ശ്യാംദാസും പറഞ്ഞു. റിസര്‍വ്വ് ബാങ്ക് ഈ നാണയം പുറത്തിറക്കാന്‍ അനുമതി നല്‍കരുതായിരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ഈ നാണയം അടിച്ചിറക്കുന്നതിനു പിന്നില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയെന്ന് രഹസ്യഅജണ്ട ഉണ്ടെന്നും നേതാക്കള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇതിനായി ജില്ലാ കലക്ടര്‍ക്കും പോലീസ് ചീഫിനും നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.












Click it and Unblock the Notifications