സപ്ലൈകോ: അന്വേഷിക്കാനാവില്ലെന്ന് സിബിഐ
കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അഴിമതി അന്വേഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവാണ് കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനു തടസ്സമാവുന്നതെന്ന് സിബിഐ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
സിബിഐയുടെ കൊച്ചി യൂണിറ്റിനായിരുന്നു സപ്ലൈകോയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതലയുണ്ടായിരുന്നത്.
കേസുകളുടെ എണ്ണപ്പെരുപ്പവും ഉദ്യോഗസ്ഥരുടെ കുറവും മൂലം പുതിയ കേസുകള്‍ ഏറ്റെടുക്കുന്നതിന് ബുദ്ധിമുട്ടാണ്. 22 ഓളം കേസുകളിന്മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
സിബിഐ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന നിലപാടാണ് ഹൈക്കോടതിക്ക്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്ന് കരുതുന്ന ഈ കേസില്‍ വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് സിബിഐ തന്നെ അന്വേഷണം നടത്തണം-ഹൈക്കോടതി വ്യക്തമാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങളാണ് പ്രധാനമായും സിബിഐയുടെ കൊച്ചി യൂണിറ്റ് അന്വേഷിക്കുന്നത്. സപ്ലൈകോ അഴിമതി കേസും ഇത്തരത്തിലുള്ള ഒന്നാണ്.
കേസിനെക്കുറിച്ച് ഒരു പ്രാഥമിക പഠനം സിബിഐ നേരത്തെ നടത്തിയിരുന്നു. ഈ പഠനറിപ്പോര്‍ട്ട് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് അയച്ചുകൊടുത്തിരുന്നു.












Click it and Unblock the Notifications