തമിഴ്നാട് ബന്ദ് പൂര്‍ണ്ണം, ജനജീവിതം സ്തംഭിച്ചു
ചെന്നൈ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് സ്റേ ചെയ്ത സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഡിപിഎ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു.
ബന്ദിനെത്തുടര്‍ന്ന് ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.
സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍, ഓട്ടോ റിക്ഷ, ടാക്സി, ലോറി തുടങ്ങിയ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. സബര്‍ബന്‍ തീവണ്ടികളും ഏതാനും ദീര്‍ഘദൂര തീവണ്ടികളും സര്‍വ്വീസ് നടത്തുന്നില്ല. വിമാനസര്‍വ്വീസുകളും ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ ഓഫീസുകളും, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. കുടിവെള്ളവിതരം, പാല്‍, പത്രം ആശുപത്രി തുടങ്ങി അവശ്യസര്‍വ്വീസുകളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിനോടനുബന്ധിച്ചുണ്ടായേയ്ക്കാവുന്ന അക്രമസംഭവങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് 96.000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം 10.000 പൊലീസുകാരെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ലതികാശരണ്‍ അറിയിച്ചു.












Click it and Unblock the Notifications