സ്വാശ്രയ ഫീസ്: രണ്ടാഴ്ചയ്ക്കകം തീരുമാനമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമാകുമെന്ന് പി.എ മുഹമ്മദ് കമ്മറ്റി സെക്രട്ടറി സുബ്രഹ്മണ്യന്‍ അറിയിച്ചു.
സുപ്രിം കോടതി വിധിയനുസരിച്ച് ഓരോ കോളജിന്റെയും അടിസ്ഥാന സൗകര്യങ്ങളും മറ്റും വിലയിരുത്തി പ്രത്യേകം പ്രത്യേകം ഫീസായിരിക്കും നിശ്ചയിക്കുക. ഓരോ കോളജ് മാനേജ്മെന്റില്‍ നിന്നും അവര്‍ നിര്‍ദ്ദേശിയ്ക്കുന്ന ഫീസ് ഘടന കമ്മിറ്റി വാങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.
കെ.ടി തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസിനെക്കാളും ഉയര്‍ന്ന നിരക്കാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം മേഖലയിലെ 26 കോളജുകളുമായി കമ്മറ്റി ചര്‍ച്ച നടത്തിയിരുന്നു. ഫീസ് അന്തിമമായി തീരുമാനിയ്ക്കുന്നതിന് മുമ്പ് ഈ മാനേജ്മെന്റുകളുമായി കമ്മറ്റി ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്തും.
നൂറു സീറ്റുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ മൂന്നുലക്ഷം മുതല്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപവരെ ഫീസ് ഈടാക്കാനനുവദിയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. അമ്പതു സീറ്റുള്ളവ നാലു ലക്ഷം വരെ ഫീസ് ഈടാക്കാന്‍ ആവശ്യപ്പെട്ടു. നൂറു സീറ്റുള്ള പരിയാരം മെഡിക്കല്‍ കോളജ് നാലു ലക്ഷവും എന്‍ജിനീയറിംഗ് കോളജ്മാനേജ്മെന്റുകള്‍ അമ്പതിനായിരം മുതല്‍ എഴുപത്തയ്യായിരം രൂപവരെയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും മുഹമ്മദ് കമ്മറ്റി ഫീസ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. പ്രവേശനം സംബന്ധിച്ച് മുഹമ്മദ് കമ്മറ്റിയുെട തീരുമാനത്തിനെതിരെ കോടതിയില്‍ പോകാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റുകള്‍.
സ്വാശ്രയ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേയ്ക്കും പ്രവേശനം നല്‍കുന്നത് സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷാ പട്ടികയില്‍ നിന്നായിരിക്കണമെന്നാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ പ്രവേശനത്തിന് എസ്എസ്എല്‍സി, പ്ലസ് ടു മാര്‍ക്കുകള്‍ പരിഗണിയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications