നന്ദിഗ്രാം : പ്രശ്നങ്ങള്‍ തീര്‍ന്നെന്ന് വൃന്ദാ കാരാട്ട്
ദില്ലി : നന്ദിഗ്രാം വെടിവെപ്പിനോടനുബന്ധിച്ച് ബംഗാള്‍ ഇടതുമുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായെന്നും അവ പരിഹരിച്ചെന്നും സിപിഎം തുറന്നു സമ്മതിച്ചു.
വെടിവെപ്പിനു ശേഷം മുന്നണിയിലെ ഘടകകക്ഷികളില്‍ നിന്നും നേരിട്ട രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ചതായി പാര്‍ട്ടി അവകാശപ്പെടുന്നു.
സിഎന്‍എന്‍ ഐബിഎന്‍ ടെലിവിഷന്‍ ചാനലില്‍ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
സ്വയം വിമര്‍ശനത്തിനും ആന്തരിക പരിശോധനയ്ക്കും ഇനി മുതല്‍ സംവിധാനമുണ്ടായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. മുന്നണി ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാവുന്നത് സ്വാഭാവികമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ട പക്വത ഇടതുമുന്നണി ആര്‍ജിച്ചിട്ടുണ്ട്. മാര്‍ച്ച് 17ന് നടന്ന ചര്‍ച്ചയോടെ എല്ലാം പരിഹരിച്ചിട്ടുണ്ട്. - കാരാട്ട് പറയുന്നു.
ബംഗാള്‍ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ വൃന്ദാകാരാട്ട് ന്യായീകരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി കൂട്ടായ തീരുമാനമാണെടുക്കുന്നത്. ഉത്തരവാദിത്വം പാര്‍ട്ടിയുടേതാണ്. വ്യക്തിപരമായി പ്രശ്നങ്ങള്‍ വിലയിരുത്തുന്ന പതിവ് സിപിഎമ്മിനില്ല.
നന്ദിഗ്രാമില്‍ 14 പേര്‍ വെടിയേറ്റ് മരിക്കാനിടയായത് നിര്‍ഭാഗ്യകരമാണെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ ഇതിന് ഉത്തരവാദിയാര് എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്നായിരുന്നു മറുപടി.












Click it and Unblock the Notifications