മോഹന്‍ലാലിന്റെ പിതാവ് അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്രതാരം മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന് നായര്‍(79) അന്തരിച്ചു.
തിങ്കളാഴ്ച രാത്രി 9.50 ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെത്തുടര്‍ന്ന ഒരു മാസത്തിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഭാര്യ ശാന്തകുമാരിയും മോഹന്‍ലാലും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. നാലര വര്‍ഷം മുമ്പ് ബസ്സില്‍ നിന്നും വീണ് തലയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിവന്ന അദ്ദേഹത്തിന് അന്നുമുതല്ക്കുതന്നെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു.
പത്തനംതിട്ട സ്വദേശിയായ വിശ്വനാഥന് നായര്‍ നിയമവകുപ്പില്‍ ലോ സെക്രട്ടറിയായിരുന്നു. നാല്പത് വര്‍ഷമായി പൂജപ്പുര മുടവന്മുകളിലെ ഹില്‍വ്യൂവിലാണ് താമസം. മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ളയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ പ്യാരി ലാല്‍ മറ്റൊരു മകനാണ്.