അന്ത്യവിശ്രമത്തിലും കൂട്ടിന് സ്വന്തം കാര്‍
കുംഭകോണം: പ്രിയപ്പെട്ടവര്‍ ഒരുമിച്ചു മരിച്ചാല്‍ ഒരുമിച്ചു തന്നെ അടക്കം ചെയ്യുകയെന്നത് അത്ര പുതുമയുള്ളകാര്യമല്ല. എന്നാല്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ സ്വയം മറന്ന് സ്നേഹിച്ച പ്രിയപ്പെട്ട കാറിനൊപ്പം അന്ത്യ വിശ്രമം കൊള്ളുകയെന്നത് അത്രയ്ക്ക് സാധാരണമല്ല.
തമിഴ്നാട്ടിലെ കുംഭകോണത്തുള്ള കര്‍ഷകനായ നാരായണസ്വാമിയുടെ അന്ത്യയാത്ര ഇങ്ങനെയായിരുന്നു. ജീവിതകാലമത്രയും സൂക്ഷിച്ച് സവാരി ചെയ്ത പ്രിയപ്പെട്ട മോറിസ് മൈനര്‍ കാറിനൊപ്പം.
ശിവപുരം ഗ്രാമത്തലവനായ നാരായണ സ്വാമി(64) മരിച്ചപ്പോള്‍ സ്വാമിയുടെ മക്കളും ബന്ധുക്കളും കൂടി അച്ഛന്റെ ഇഷ്ടപ്രകാരം പ്രിയപ്പെട്ട കാറും ഒപ്പം അടക്കം ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നു. മരിയ്ക്കുമ്പോള്‍ തനിയ്ക്കൊപ്പം തന്റെ കാറും അടക്കം ചെയ്യണമെന്ന് നാരായണ സ്വാമി നേരത്തേതന്നെ മക്കളെ എല്‍പ്പിച്ചിരുന്നു.
1958ലാണ് സ്വാമി ഈ കാര്‍ സ്വന്തമാക്കിയത്. കാര്‍ അലങ്കരിച്ച് സ്വാമിയുടെ മൃതദേഹം അതിനുള്ളില്‍ കിടത്തിയാണ് തിങ്കളാഴ്ച സംസ്കാരം നടത്തിയത്. വ്യത്യസ്തമായ ഈ സംസ്കാരച്ചടങ്ങ് കാണാന്‍ ഒട്ടേറെപേര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications