പാലൊളി പ്രശ്നം സിപിഎം ഇന്ന് ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയ്ക്കെതിരായി കോടതിയലക്ഷ്യക്കേസ് സംബന്ധിച്ച നടപടികളെക്കുറിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗം വ്യാഴാഴ്ച ചര്‍ച്ച നടത്തും.
സെക്രട്ടേറിയറ്റ് കൈക്കൊള്ളുന്ന ധാരണയനുസരിച്ചായിരിക്കും തുടര്‍ന്ന് ചേരുന്ന സംസ്ഥാന സമിതിയുടെ തീരുമാനം.
കോടതി വിമര്‍ശനത്തിന് വിധേയനായ സ്ഥിതിയ്ക്ക് മന്ത്രി രാജിവെയ്ക്കുന്നതായിരിക്കും ഉചിതമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായമെന്നാണ് സൂചന. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അറിയുന്നു.
പാലൊളി രാജിവെയ്ക്കണമെന്നാണ് യോഗം തീരുമാനിയ്ക്കുന്നതെങ്കില്‍ അദ്ദേഹത്തിന് പകരം ആരെന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്തേയ്ക്കും. കേസിന്റെ അന്തിമ വിധി അനൂകൂലമാണെങ്കില്‍ പാലൊളിയെ തിരിച്ചെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ നിന്നുള്ള എ.സി മൊയ്തീന്‍, പള്ളുരുത്തി അംഗം സി. എം ദിനേശ് മണി, തിരൂരില്‍ നിന്നുള്ള പി.പി അബ്ദുള്ളക്കുട്ടി, കെ.ടി ജലീല്‍ എന്നിവരുടെ പേരുകളാണ് പാലൊളിയ്ക്കു പകരം പരിഗണനയിലുള്ളത്.
മറ്റു ഘടകക്ഷികളുമായി സിപിഎം പാലൊളി പ്രശ്നം ഇതേവരെ ചര്‍ച്ചചെയ്തിട്ടില്ല. രാഷ്ട്രീയമായും നിയമപരമായും പ്രശ്നത്തെ നേരിടാന്‍ പാര്‍ട്ടി സജ്ജമാകുന്നുണ്ടെന്നാണ് സൂചന.
വ്യാഴാഴ്ച തുടങ്ങുന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications