ലോറി സമരം പിന്‍വലിച്ചു
കോട്ടയം: സംസ്ഥാനത്ത് അഞ്ചു ദിവസമായി ലോറിയുടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. വെളളിയാഴ്ച രാത്രി കോട്ടയത്തുവെച്ച് ഗതാഗത മന്ത്രി മാത്യു ടി തോമസുമായി ലോറി ഉടമകളുടെ അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
ലോറിയുടമകളും സര്‍ക്കാരും ശത്രുക്കളല്ലെന്നും അവരുടെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടാങ്കര്‍ ലോറികളടക്കം രണ്ടരലക്ഷത്തോളം ലോറികള്‍ ഈ മാസം ഒന്നാം തീയ്യതി മുതലാണ് പണിമുടക്കാരംഭിച്ചത്.
ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു സമരം. സംസ്ഥാനാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കുക, നികുതി വര്‍ധന പിന്‍വലിക്കുക ആര്‍ടി ഓഫീസുകളില്‍ വേണ്ട സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ടാങ്കര്‍ ലോറി ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, സര്‍ക്കാര്‍ ലോറികള്‍ പിടിച്ചെടുത്തു സര്‍വീസ് നടത്തുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന്, ഉടമകള്‍ സ്പീഡ് ഗവേണര്‍ സംബന്ധിച്ച ആവശ്യത്തില്‍ നിന്നു പിന്‍മാറിയതായാണ് സൂചന. നികുതി വര്‍ധന സംബന്ധിച്ച ഉറപ്പ് മന്ത്രിയില്‍ നിന്നു ലഭിച്ചതിനെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചതെന്നറിയുന്നു.












Click it and Unblock the Notifications