പാലോളി രാജിവയ്ക്കേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: ഹൈക്കോടതി നിരീക്ഷണങ്ങളുടെ പേരില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളളയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംബന്ധിച്ച സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കോടതി ഇപ്പോള്‍ നടത്തിയിട്ടുളളത് കേസിലെ ഒരു പരാമര്‍ശം മാത്രമാണ്. അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
വിധി എതിരായാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു സെക്രട്ടേറിയറ്റ് തീരുമാനം. ജൂഡീഷ്യറിയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ വന്‍തോതില്‍ പ്രചാരണം നടത്താനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
വിധി എതിരായാല്‍ തന്നെയും രാജിവേണ്ടെന്ന വികാരമാണു യോഗത്തിലുണ്ടായത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ആലോചന. വിധി വരുന്ന ഘട്ടത്തില്‍ അതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
മാപ്പപേക്ഷ സമര്‍പ്പിച്ചശേഷവും കോടതി പുലര്‍ത്തുന്ന കര്‍ക്കശ സമീപനത്തെ യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും അപലപിച്ചു. പാലോളി പറഞ്ഞ കാര്യങ്ങള്‍ ഉദ്ദേശിക്കാത്ത തരത്തില്‍ എടുത്തുവെന്ന് വന്നതിനെ തുടര്‍ന്നാണു കോടതിയില്‍ ഖേദപ്രകടനം നടത്തിയത്.
പക്ഷേ അതിനു ശേഷവും കോടതി പുറപ്പെടുവിച്ച അതിനിശിതമായ വിമര്‍ശനം അതിരു കടന്നതാണെന്നുവരെയുളള അഭിപ്രായങ്ങള്‍ യോഗത്തിലുണ്ടായതായി അറിയുന്നു. പരസ്യഖേദ പ്രകടനം നടത്തണമെന്ന കോടതിയുടെ അഭിപ്രായവും പാര്‍ട്ടി തളളി.
രാജി ഉള്‍പ്പെടെ പാര്‍ട്ടി എടുക്കുന്ന ഏതു സമീപനവും താന്‍ സ്വീകരിക്കുമെന്നു പാലോളി അറിയിച്ചു.












Click it and Unblock the Notifications