ചേറ്റുവയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
ചേറ്റുവയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
തിങ്കള്‍ , ഏപ്രില്‍ 9, 2007
വാടാനപ്പള്ളി: ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയോടനുബന്ധിച്ച് നടന്ന ആന പ്രദര്‍ശനത്തിനിടയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.
പതിനെട്ടോളം പേര്‍ക്ക് ആനയുടെ ചവിട്ടേറ്റും ഓട്ടത്തിനിടയില്‍ വീണും പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
പൂങ്കുന്നം നടുവത്ത് മനയ്ക്കല്‍ വിനയന്‍ എന്ന ആനയാണ് ഒന്നാം പാപ്പാന്‍ തിരൂര്‍ ബിപി ആങ്ങാടി മണക്കാട്ടില്‍ ഉണ്ണി(50)യെ കുത്തിക്കൊന്നത്. രണ്ടാം പാപ്പാന്‍ അടിത്തിരുത്തി ബാലകൃഷ്ണന്‍(45) മറ്റൊരാനയുടെ പാപ്പാന്‍ എങ്ങണ്ടിയൂര്‍ സ്വദേശി ശേഖരന്‍, പ്രദര്‍ശനം കാണാനെത്തിയ ഇബ്രാഹിം, ആമിന, ഷഹാസ് എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെല്ലാം തൃശ്ശൂര്‍ വെസ്റ്ഫോര്‍ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചേറ്റുവ ജിഎംയുപി സ്കൂല്‍ അങ്കണത്തില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ചുറ്റുമതിലുള്ള സ്കൂള്‍ അങ്കണത്തില്‍ പ്രദര്‍ശനം കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെ പേര്‍ തടിച്ച കൂടിയിരുന്നു. പ്രദര്‍ശനത്തിന് പതിനൊന്ന് ആനകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മറ്റൊരാന ഇടഞ്ഞതിനെത്തുടര്‍ന്നാണ് വിനയനും പ്രകോപിതനായത്.
തൊട്ടടുത്തുണ്ടായിരുന്നു കാരേപറമ്പില്‍ രഘുറാം എന്ന ആനയെ കുത്തിവീഴ്ത്തിയ വിനയന്‍ പുറത്തിരുന്ന നാലകത്ത് സുബൈറിനെ കുടഞ്ഞ് വീഴ്ത്തി കുത്താന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഉണ്ണിയെ ചിവിട്ടി കൊമ്പില്‍ കോര്‍ത്തത്.
സ്കൂള്‍ അങ്കണത്തില്‍ നിന്ന് പുറത്തേയ്ക്ക് കടക്കാനുള്ള ഗേറ്റിന് മുന്നില്‍ ആന വന്ന് നിന്നതോടെ ഉള്ളിലുള്ളവര്‍ക്ക് പുറത്ത് കടക്കാനായില്ല. ഇത് ജനങ്ങളില്‍ ഭീതി പരത്തി. തൊട്ടുമുന്നിലുള്ളദേശീയ പാതയിലേയ്ക്ക് ആന കയറുമെന്ന ആശങ്കമൂലം ഗതാഗതം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. രാത്രി 8.40ന് ആനയെ തളയ്ക്കുംവരെ ചേറ്റുവയില്‍ ആശങ്ക നിലനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications