എച്ച്.എല്‍ ദത്തു കേരള ഹൈക്കോടതി ചീഫ് ജസ്റിസ് ആയേയ്ക്കും
ദില്ലി: ഛത്തീസ് ഗഡ് ചീഫ് ജസ്റിസ് ഹണ്ട്യാല ലക്ഷ്മിനാരായണ്‍ ദത്തുവിനെ കേരള ഹൈക്കോടതി ചീഫ് ജസ്റിസ് ആയി നിയമിയ്ക്കാന്‍ സുപ്രിം കോടതി കോളീജിയം രാഷ്ട്രപതിയോട് ശുപാര്‍ശചെയ്തു.
അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിലെ ജസ്റിസ് ജഹദീഷ് ഭല്ലയെ ചീഫ് ജസ്റിസ് ആക്കാനായിരുന്നു കോളീജിയം ആദ്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഭല്ലയ്ക്കെതിരെ ചില ആരോപണങ്ങള്‍ വന്നതിനെത്തുടര്‍ന്ന് ശുപാര്‍ശ പുന:പ്പരിശോധിയ്ക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെടുകയായിരുന്നു.
ദത്തുവിനെ ചീഫ് ജസ്റിസാക്കാനുള്ള ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം മുഖേന രാഷ്ട്രപതിയ്ക്കയച്ചിരിയ്ക്കുകയാണ്. രാഷ്ട്രപതി അംഗീകരിച്ചാല്‍ ദത്തുവായിരിക്കും കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റിസ്. ജസ്റിസ് വി.കെ ബാലിയുടെ ഒഴിവിലേയ്ക്കാണ് ദത്തുവിനെ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
ജസ്റിസ് ഭല്ലയെ ഛത്തീസ്ഗഡിലേയ്ക്ക് വിടാനും അവിടത്തെ ചീഫ് ജസ്റിസായ എച്ച്.എല്‍ ദത്തുവിനെ കേരളത്തിലേയ്ക്ക് അയയ്ക്കാനുമാണ് ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ സുപ്രിം കോടതി കോളീജിയം ശുപാര്‍ശ ചെയ്തിരിയ്ക്കുന്നത്.
കര്‍ണാടക സ്വദേശിയാണ് ദത്തു. 1950 ഡിസംബര്‍ മൂന്നിന് ജനിച്ച അദ്ദേഹം 1975 ല്‍ അഭിഭാഷകനായി. 1995ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിയ്ക്കപ്പെട്ടു. 2007 ഫെബ്രുവരി എട്ടിനാണ് ഛത്തീസ്ഗഡില്‍ ചീഫ് ജസ്റിസ് ആയത്.












Click it and Unblock the Notifications