കാറുകള്‍ കുതിക്കുന്നു, മോട്ടോര്‍ സൈക്കിള്‍ കിതയ്ക്കുന്നു
ദില്ലി: രാജ്യത്തെ കാര്‍ വില്‍പ്പനരംഗം കുതിക്കുമ്പോള്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗം കിതയ്ക്കുന്നു. 2007 മാര്‍ച്ചില്‍ 2.8 ശതമാനം വര്‍ദ്ധനയാണ് കാര്‍ വില്‍പ്പനമേഖലയില്‍ ദൃശ്യമായത്.
അതേ സമയം മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 3.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സൊസൈറ്റ് ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് പുറത്തുവിട്ട കണക്കുകളിലാണീ വെളിപ്പെടുത്തലുളളത്.
2007 മാര്‍ച്ചില്‍ 1,14,195 കാറുകളാണ് വിറ്റതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,10,978 യൂണിറ്റുകളായിരുന്നു. അതേ സമയം 2006-07 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച കാറുകളുടെ എണ്ണത്തില്‍ 22.01 ശതമാനം വര്‍ദ്ധനവാണുണ്ടായത്. എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന ഇക്കാലയളവില്‍ 12.79 ശതമാനമായിരുന്നു വര്‍ദ്ധിച്ചത്.
കാറുകളില്‍ മാരുതി കമ്പനിയാണ് വില്‍പ്പനയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 2007 മാര്‍ച്ചില്‍ മാരുതി ഉദ്യോഗ് വിറ്റഴിച്ച കാറുകള്‍ 55,623 എണ്ണമാണ്.
7.06 ശതമാനം വര്‍ദ്ധനയാണ് വില്‍പ്പനയില്‍ കമ്പനി കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ വില്‍പ്പന 51,951 എണ്ണമായിരുന്നു.
ടാറ്റാ മോട്ടേഴ്സിന്റെ കാര്‍ വില്‍പ്പന 2007 മാര്‍ച്ചില്‍ 11.3 ശതമാനം വര്‍ദ്ധിച്ച് 19,651 എണ്ണമായി. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 17,655 ആയിരുന്നു.
അതേ സമയം ഹ്യുണ്ടായ് കമ്പനിയുടെ 2007 മാര്‍ച്ചിലെ വില്‍പ്പന 18,242 എണ്ണമായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 22,486 ആയിരുന്നു - 14,42 ശതമാനം കുറവ്.
മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 2007 മാര്‍ച്ചില്‍ 3.5 ശതമാനം കുറഞ്ഞെങ്കിലും ഹീറോ ഹോണ്ടാ കമ്പനി ഈ രംഗത്ത് 6.02 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതേ സമയം ബജാജ് ഓട്ടോ ലിമിറ്റഡും ടി.വി.എസ് മോട്ടോര്‍ കമ്പനിയും മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications