പൂരം വെടിക്കെട്ടിന് നിയന്ത്രണമില്ല
തൃശൂര്‍: പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് ഡയറക്ടര്‍ എടുത്തുമാറ്റി. ഇതിനു പുറമേ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി കൊച്ചിയിലെ എക്സ്പ്ലോസീവ് കണ്‍ട്രോളറോട് നല്‍കാനും ചീഫ് കണ്‍ട്രോളര്‍ നിര്‍ദേശിച്ചു.
ദേവസ്വങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കുന്നതിന് പകരം കണ്‍ട്രോളറെ ചുമതലപ്പെടുത്തുകയാണ് ചീഫ് കണ്‍ട്രോളര്‍ ചെയ്തത്. ഈ വര്‍ഷം വെടിക്കെട്ടിന് പ്രത്യേക നിബന്ധനകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ നിലപാടെന്നറിയുന്നു.
പൊതു നിയമം തന്നെയാകും പൂരത്തിനും ബാധകം. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ചാകും നിബന്ധനകള്‍. ഗുണ്ട്, കുഴിമിന്നല്‍ എന്നിവയ്ക്ക് പ്രത്യേക അളവ് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സൂചന.
എന്നാല്‍ ശബ്ദത്തിലും നിരോധിച്ച് വസ്തുക്കളുടെ ഉപയോഗത്തിലും നിയന്ത്രണം ഉണ്ടാകും. പരിശോധനകളിലും വിട്ടുവീഴ്ചയുണ്ടാകില്ല. ഗുണ്ടിന്റെയും മറ്റും അളവിന് നിയന്ത്രണം ഉണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാടാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.
എക്സപ്ലോസീവ് വിഭാഗം നല്‍കിയ കുറിപ്പ് യോഗത്തില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് കളക്ടര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. അളവ് നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ ഉണ്ടായിരുന്നുവെന്ന കുറിപ്പാണ് നിബന്ധനയായി തെറ്റിദ്ധരിച്ചത്.
ഇതേത്തുടര്‍ന്നാണ് ദേവസ്വങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരോട് നിബന്ധനകള്‍ വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിച്ചത്. വിശദീകരണം വരുന്നതോടെ പൂരം നടത്താന്‍ ഇരുദേവസ്വങ്ങളും തീരുമാനിക്കും.












Click it and Unblock the Notifications