സ്മാര്‍ട്ട് സിറ്റി - ടീകോം ഒളിച്ചു കളിക്കുന്നു
തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാരിനെ അറിയിക്കാതെ ടീകോം ഒളിച്ചു കളി തുടരുന്നു.
സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ച കഴിഞ്ഞ് ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞിട്ടാണ് ടീകോം അധികൃതര്‍ സംസ്ഥാനം വിട്ടത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇവരുടെ വിവരമൊന്നുമില്ല. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ടീകോമിന്റെ മറുപടി വരാത്തതിനാല്‍ പുതിയ നിക്ഷേപകരെ കണ്ടെത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സര്‍ക്കാരിന്റെ നിബന്ധനകള്‍ അതേപടി അംഗീകരിച്ച് സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ഒന്നിലേറെപ്പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.
കൂടുതല്‍ പ്രവൃത്തി പരിചയവും വിശ്വാസ്യതയുമുളളവരെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. പദ്ധതിയ്ക്കു വേണ്ടിയുളള ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.
സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ആദ്യം സഹകരിച്ചവര്‍ എന്ന പരിഗണനയാണ് ഇതുവരെ ടീകോമിന് നല്‍കിയിരുന്നത്. എന്നാല്‍ ഇനി ഈ സൗജന്യം അവര്‍ക്ക് നല്‍കേണ്ടെന്ന അഭിപ്രായം സിപിഎമ്മിലും ശക്തിപ്രാപിക്കുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള തര്‍ക്കം മാത്രമാണ് ഇപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ നിലനില്‍ക്കുന്നത്. 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കാമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ 25 വര്‍ഷത്തേയ്ക്ക് പാട്ടവും അതിനു ശേഷം പൂര്‍ണ ഉടമസ്ഥാവകാശവും എന്ന നിലപാടാണ് ടീ കോം മുന്നോട്ട് വയ്ക്കുന്നത്.
പദ്ധതി സംബന്ധിച്ച് ഉടന്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി ടീകോമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications