ഇന്ത്യന്‍ ശതകോടീശ്വര പട്ടികയില്‍ കുട്ടിപടയും
ഇന്ത്യന്‍ ശതകോടീശ്വര പട്ടികയില്‍ കുട്ടിപടയും
വെള്ളി , ഏപ്രില്‍ 20, 2007
ദില്ലി: ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടിക നോക്കിയാല്‍ നമ്മള്‍ ഇതു വരെ കേട്ടിട്ടില്ലാത്ത പേരുകളും കാണാം. അവരൊന്നും തന്നെ പ്രശസ്തരല്ല. മിക്കവരും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.
ശ്രുതി, ദിവ്യ, നിഹാര്‍, ശ്രേയസ്, റോഹന്‍, മേഘന എന്നിവരാണ് ഇന്ത്യയിലെ കുട്ടിശതകോടിശ്വരര്‍. ഇന്‍ഫോസിസ് കമ്പനിയിലെ ഉന്നതന്‍മാരുടെ മക്കളാണ് ഇവര്‍. എല്ലാവരും 7-22 വയസ്സിനിടെ പ്രായമുളളവര്‍. ഇവരുടെ പേരിനൊടൊപ്പം ഷിബുലാല്‍, മൂര്‍ത്തി, ഗോപാലകൃഷ്ണന്‍, നിലേകനി എന്നിവയും ചേര്‍ത്ത് വായിക്കുമ്പോഴെ ഇവര്‍ ആരെന്നു മനസ്സിലാക്കൂ.
കോര്‍പറേറ്റ് ധനിക പട്ടികയിലുളള കിര്‍ലോസ്കര്‍ സിഎംഡി വിജയ് കിര്‍ലോസ്കര്‍, അപ്പോളോ ടയര്‍ എംഡി ഒണ്‍കര്‍ കന്‍വര്‍, മീഡിയ രംഗത്തെ പ്രശസ്തന്‍ പ്രണോയ് റോയ് തുടങ്ങിയവരെയെല്ലാം സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ മറികടന്നു കഴിഞ്ഞു.
ജാന്വി നിലേകനി(17), നിഹാര്‍ നിലേകനി(16) എന്നിവര്‍ ഇന്‍ഫോസിസ് സിഇഒ നന്ദന്‍ നിലേകനിയുടെ മക്കളാണ്. 2006 ഡിസംബര്‍ 31ലെ കണക്ക് പ്രകാരം ഇന്‍ഫോസിസിന്റെ 0.30%(16.6 ലക്ഷം) ഓഹരികളും ഇവരുടെ പേരിലാണ്. അതായത് 347 കോടിയുടെ ആസ്തിയാണ് ഇവര്‍ക്കുളളത്.
ഏപ്രില്‍ 13ലെ കണക്ക് പ്രകാരം നിലേകനി കുടുംബത്തിന് ഇന്‍ഫോസിസില്‍ 3.55%(1,742 കോടി) ഓഹരിയാണുളളത്. ശ്രുതിയും ശ്രേയസും ഇന്‍ഫോസിസ് സെയില്‍സ് മേധാവി ഷിബുലാലിന്റെ മക്കളാണ്. ഇവര്‍ക്ക് ഓരോത്തര്‍ക്കും സ്ഥാപനത്തിന്റെ 0.66% (36.7 ലക്ഷം) ഓഹരി വീതമാണുള്ളത്. അതായത് 767.2 കോടിയുടെ ആസ്തി. ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ്‍ മൂര്‍ത്തിയെക്കാള്‍ ധനവാന്‍മാരാണ് ഇവര്‍.
സ്വന്തം സ്ഥാപനത്തില്‍ മൂര്‍ത്തിയ്ക്ക് 663 കോടി രൂപയുടെ ആസ്തിയെ കൈവശമുളളൂ. മൂര്‍ത്തിയുടെ മക്കളായ റോഹനും അക്ഷതയ്ക്കും 1,692 കോടി രൂപയുടെയും 1,659 കോടിയുടെയും വീതം ആസ്തിയാണുളളത്. 1,944 കോടി രൂപയുടെ ആസ്തിയ്ക്കുടമയാണ് മൂര്‍ത്തിയുടെ ഭാര്യ സുധ.
കോളജ് വിദ്യാര്‍ത്ഥിക്കളായ റോഹനും അക്ഷതയും പ്രണോയ് റോയെക്കാള്‍ ധനവാന്‍മാരാണ്. റോയ്യ്ക്ക് 856 കോടിയുടെ സ്വത്തുണ്ടെന്നാണ് കണക്ക്.
അപ്പോളോ ടയര്‍ ഉടമ കണ്‍വര്‍(486.7 കോടി), സി.കെ ബിര്‍ള(517 കോടി), ബാലാജി ടെലി ഫിലിമിസിന്റെ ഏക്താ കപ്പൂര്‍(503 കോടി) എന്നിവരെല്ലാം മൂര്‍ത്തിയുടെ മക്കളേക്കാള്‍ പിന്നിലാണ് ആസ്തിയുടെ കാര്യത്തില്‍.












Click it and Unblock the Notifications